പ്രണയം തുറന്നു പറയാൻ പലർക്കും ബുദ്ധിമുട്ടാണ്. എന്നാൽ ചിലരാകട്ടെ ബുദ്ധിമുട്ടേറിയ മാർഗത്തിലൂടെ അവരുടെ പ്രണയം തുറന്നു പറയുന്നു. അത്തരമൊരു പ്രണയാഭ്യർഥനയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്.
ഫ്ലോറിഡയിലെ മിയാമി സ്വദേശിയായ ജെറമി ഡർസ്റ്റ് കഥയിലെ താരം. മോട്ടോർ സൈക്കിൾ റേസിംഗ് താരമാണ് ജെറമി. അതുകൊണ്ടുതന്നെ റേസിംഗ് സ്ഥലത്തുവച്ച്് അൽപം വ്യത്യസ്തമായ രീതിയിലാണ് ജെറമി തന്റെ പ്രണയാഭ്യർഥന നടത്തിയത്.
പെൻസിൽവാനിയയിലെ ഹാരിസ്ബർഗിൽ നടന്ന മോട്ടോറാമ റേസിംഗ് പരിപാടിയാണ് ഇതിനായി ജെറമി തെരഞ്ഞെടുത്തത്. റേസിംഗ് കാണുന്നതിനായി കാമുകി സാറാ ഫ്രാങ്കിനെയും കുടുംബത്തെയും സുഹൃത്തുക്കളെയും ജെറമി തന്ത്രപരമായി വരുത്തി.
ഒരു പുതിയ കവാസ്കി കെഎക്സ് 450 ബൈക്കുമായാണ് ജെറമി മത്സരത്തിനിറങ്ങിയത്. പക്ഷെ റേസിംഗിന്റെ അവസാന പാദത്തിൽ ബൈക്ക് അപകടത്തിൽപ്പെട്ടു. അതും സാറാ നിന്നിരുന്ന സ്ഥലത്തിന് അടുത്തായി.
ഒരു വളവിൽ നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് ജെറമി തെറിച്ചു വീണു. വീണുകിടക്കുന്ന ജെറമിയുടെ അടുത്തേക്ക് സംഘാടകർ ഒാടിയെത്തി. കൂടെ സാറായും. എന്തുപറ്റിയെന്ന് ചോദിക്കാൻ എത്തിയ സാറായെ ജെറമി സ്വീകരിച്ചത് ഒരു മോതിരം നീട്ടിയാണ്, കൂടെ ഒരു ചോദ്യവും “എന്നെ വിവാഹം ചെയ്യാൻ സമ്മതമാണോ’? ഒട്ടും വൈകാതെ സാറായുടെ സമ്മതവും വന്നു.
ജെറമി മോതിരം നീട്ടുന്പോൾ സാറാ ഞെട്ടുന്നതും അത്ഭുതപ്പെട്ട് പിന്നോട് പോകുന്നതും വീഡിയോയിൽ കാണാം. ബൈക്ക് റേസിംഗ് സംഘാടകരുടെ സഹായത്തോടെയായിരുന്നു ജെറമിയുടെ ഈ പ്രണയാഭ്യർഥന പരിപാടി.
സംഘാടകർ നൽകിയ മൈക്കിലൂടെയായിരുന്നു പ്രണയാഭ്യർഥനയും സമ്മതവുമെല്ലാം. ഇത്തരത്തിലൊരു പ്രണയാഭ്യർഥന താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സാറാ പറയുന്നു.
https://www.youtube.com/watch?v=4fF19tD4Hfo&feature=youtu.be&fbclid=IwAR3Rzgm5aoODE_UkCL92qWtEV3kQIm06Z4veXXVMHbZY9spVYI5YvKw4Lrg