നിലന്പൂർ: മഴക്കെടുതി മൂലം റോഡ് ഗതാഗതം താറുമാറായതിനെ തുടർന്ന് വരനെത്താൻ കഴിയാത്ത സാഹചര്യത്തിൽ എരഞ്ഞിമങ്ങാട് യതീംഖാനയിലെ ദുരിതാശ്വാസ ക്യാന്പിലെ യുവതിയുടെ വിവാഹം നീട്ടി. ചാലിയാർ പഞ്ചായത്തിലെ മതിൽമൂല കോളനിയിലെ യുവതിയുടെ വിവാഹമാണ് മാറ്റിയത്.
കഴിഞ്ഞ എട്ടിന് മതിൽ മൂലയിൽ വെള്ളം കയറി വീടുകൾ മുങ്ങിയതിനെ തുടർന്നാണ് കഴിഞ്ഞ പത്ത് ദിവസമായി റുബീനയും കുടുംബവും എരഞ്ഞിമങ്ങാട് യത്തീംഖാനയിലെ ദുരിതാശ്വാസ ക്യാന്പിലെത്തിയത്.
കോട്ടയം സ്വദേശിയായ വരനും കുടുംബത്തിനും റോഡ് മാർഗം വരാൻ കഴിയാത്തതിനെ തുടർന്നാണ് വിവാഹം നീട്ടിയത്. ക്യാന്പിൽ വിവാഹത്തിനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയിരുന്നു. ഇടിവണ്ണ മൂലേപ്പാടം മേഖലകളിലെ രണ്ട് വിവാഹങ്ങൾ നീട്ടിവെച്ചു.
ഇടുക്കിയിൽ നിന്ന് വധുവിന്റെയും കണ്ണൂരിൽ നിന്നും വരന്റെയും കുടുംബങ്ങൾക്ക് എത്തിച്ചേരാനുള്ള പ്രയാസം കണക്കിലെടുത്താണ് വിവാഹങ്ങൾ മാറ്റിയത്. വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലെ കുടുംബങ്ങൾ താമസിക്കുന്ന ഹാളിൽ വെച്ചായിരുന്നു ഒരു വിവാഹത്തിന്റെ സൽക്കാരം നടക്കേണ്ടിയിരുന്നത്.