പൊൻകുന്നം: വരന്റെ മുൻ വിവാഹവാർത്തയറിഞ്ഞതോടെ സദ്യ വരെ ഒരുക്കിയ വിവാഹം മുടങ്ങി. ഇന്നലെ എലിക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന എലിക്കുളം സ്വദേശിനിയുടെ വിവാഹമാണ് വരന്റെ മുൻ വിവാഹവാർത്തയെത്തിയതോടെ മുടങ്ങിയത്. വരൻ എലിക്കുളം വഞ്ചിമല കൂനാനിക്കൽതാഴെ സനിലിന്റെ പേരിൽ പൊൻകുന്നം പോലീസ് കേസെടുത്തു.
വരന്റെ വിവാഹഫോട്ടോ ശനിയാഴ്ച അർധരാത്രി വധുവിന്റെ വാട്സ് ആപ്പിലേക്ക് പെരിന്തൽമണ്ണ സ്വദേശിനിയായ ഭാര്യ അയച്ചു കൊടുക്കുകയായിരുന്നു. പെരിന്തൽമണ്ണയിൽ സ്വകാര്യ സ്കൂളിൽ ഇരുവരും അധ്യാപകരാണ്. 13 വർഷമായി ഒരുമിച്ച് ജീവിക്കുകയാണെന്ന വിവരമാണ് അവർ കൈമാറിയത്.
വധുവിന്റെ ഫോണിലേക്ക് ശനിയാഴ്ച രാത്രി 11ാടെയാണ് പെരിന്തൽമണ്ണ സ്വദേശിനിയുടെ ഫോണിൽ നിന്ന് വിളിവന്നത്. അവരുടെ അച്ഛന്റെ സഹോദരനാണ് വിളിച്ചത്. സനിലും പെരിന്തൽമണ്ണ സ്വദേശിനിയും മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് ഒരു എൽപി സ്കൂളിൽ അധ്യാപകരാണ്. ഇരുവരും 13 വർഷമായി ഒരുമിച്ചു ജീവിക്കുകയാണെന്നും വിവാഹിതരാണെന്നുമായിരുന്നു പറഞ്ഞത്.
വിവാഹം മുടക്കാൻ പലരും ശ്രമിക്കുമെന്ന് സനിൽ വധുവിനോട് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ വിശ്വസിച്ചില്ല. രാത്രി തന്നെ സനിലിന് വധു ഈ ഫോട്ടോ അയച്ചു കൊടുത്ത് വിശദീകരണം തേടിയപ്പോൾ ഇയാൾ ഫോണെടുക്കാതായതോടെ സംഭവം സത്യമാണെന്ന് സംശയമുയർന്നു.
രാത്രി ഈ വിവരം അറിഞ്ഞപ്പോൾ വരന്റെ ഇളയസഹോദരൻ ബോധരഹിതനായി വീണു. ഇയാളെ പൊൻകുന്നത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ സനിൽ ബൈക്കിൽ വീട്ടിൽ നിന്ന് എവിടേക്കെന്ന് പറയാതെ പോയി. വധുവിന്റെ വീടിനടുത്ത് സനിലിന്റെ കുടുംബക്കാരുണ്ട്.
നേരം പുലർന്ന് ഇവരെല്ലാം ചേർന്ന് പെരിന്തൽമണ്ണ സ്വദേശിനിയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട് സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടു. ഈ സമയമായപ്പോഴേക്കും സദ്യവട്ടങ്ങളെല്ലാം കാലമായി. വധുവിന്റെ വീട്ടുകാർ പൊൻകുന്നം പോലീസിൽ പരാതി നൽകി. വിവാഹം മുടങ്ങിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. സനിലിന്റെ പേരിൽ വിവാഹവിവരം മറച്ചുവച്ച് വീണ്ടും വിവാഹത്തിനൊരുങ്ങിയതിന് കേസെടുത്തു. സനിലിനെ കാണ്മാനില്ലെന്ന് കാട്ടി ബന്ധുക്കളും പൊൻകുന്നം പോലീസിൽ പരാതി നൽകി.
സനിലുമായി പെരിന്തൽമണ്ണ സ്വദേശിനിയുടേത് പുനർവിവാഹമായിരുന്നു. 13 വർഷമായി ഒരുമിച്ചു ജീവിച്ച ഇവർ കഴിഞ്ഞയാഴ്ചയാണ് ചേർത്തലയിൽ ഒരുക്ഷേത്രത്തിൽവച്ച് ഔദ്യോഗികമായി വിവാഹിതരായത്. ഈ ബന്ധം വീട്ടിലറിയിച്ചിട്ടില്ലാത്തതിനാൽ വിവാഹം നിശ്ചയിക്കാൻ സാധ്യതയുണ്ടെന്ന് സനിൽ പറഞ്ഞപ്പോഴാണ് യുവതിയുടെ വീട്ടുകാർ ഇടപെട്ട് ചേർത്തലയിൽവച്ച് വിവാഹം നടത്തിയത്. എലിക്കുളം സ്വദേശിനിയുമായുള്ള വിവാഹത്തിന് സനിൽ സഹപ്രവർത്തകരെ ക്ഷണിച്ചിരുന്നുമില്ല.