പോലീസ് ഉദ്യോഗസ്ഥരടക്കം നോക്കിനിൽക്കേ ഇരുപതുകാരിയെ അച്ഛൻ വെടിവച്ചു കൊന്നു. തനു ഗുർജാർ എന്ന 20 വയസുകാരിയെ അച്ഛനായ മഹേഷ് ഗുർജാർ നാടൻ തോക്കുകൊണ്ട് പോയിന്റ് ബ്ലാങ്കിൽ വെടിവച്ച് കൊല്ലുകയായിരുന്നു. തനുവിന്റെ വിവാഹത്തിന് നാല് ദിവസം മാത്രം ശേഷിക്കെയായിരുന്നു കൊലപാതകം. നിശ്ചയിച്ച വിവാഹം വേണ്ടെന്നും മറ്റൊരാളെ ഇഷ്ടമാണെന്നും തനു പറഞ്ഞതോടെയാണ് മഹേഷ് മകളെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു.
മധ്യപ്രദേശിൽ ഗ്വാളിയോർ ഗോലകാ മന്ദിർ ഏരിയയിൽ കഴിഞ്ഞദിവസം രാത്രി ഒൻപത് മണിയോടെയാണ് നടുക്കുന്ന സംഭവം നടന്നത്. സംഭവ ദിവസം വൈകിട്ട് തനിക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് കുടുംബം നിർബന്ധിക്കുകയാണെന്നാരോപിച്ച് തനു സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിക്കി എന്ന യുവാവുമായി താൻ ആറു വർഷമായി പ്രണയിത്തിലാണെന്നും ഈ വീഡിയോ പുറത്തുവന്നാൽ താൻ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ലെന്നും തനു വീഡിയോയിൽ പറഞ്ഞിരുന്നു.
വീഡിയോ വൈറലായതോടെ ജില്ലാ പോലീസ് മേധാവി ധർമവീർ സിംഗിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മഹേഷിന്റെ വീട്ടിലെത്തി. തനുവുമായി സംസാരിച്ചെങ്കിലും യുവതി വീട്ടിൽ നിൽക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞു. തുടർന്ന് യുവതിയെ സർക്കാർ അഗതി മന്ദിരത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനമായി. ഇതിനിടെ മകളോട് സ്വകാര്യമായി സംസാരിക്കണമെന്നു പറഞ്ഞ് അടുത്തെത്തിയ മഹേഷ് തോക്കുപയോഗിച്ച് മകളെ വെടിവയ്ക്കുകയായിരുന്നു.