സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിരോധിച്ചിട്ടുണ്ടെങ്കിലും ഒരു ഒഴിയാബാധയായി അതു സമൂഹത്തിൽ തുടരുന്നുണ്ടെന്ന് എല്ലാവർക്കുമറിയാം. ആത്മഹത്യകളും കൊലപാതകങ്ങളും വരെ സ്ത്രീധനത്തിന്റെ പേരിൽ രാജ്യത്ത് ഇപ്പോഴും നടക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഒരു കല്യാണമണ്ഡപത്തിൽ സ്ത്രീധനത്തെച്ചൊല്ലി നടന്നത് പൊരിഞ്ഞ അടിയായിരുന്നു.
വിവാഹച്ചടങ്ങുകൾക്കായി വധുവിന്റെയും വരന്റെയും വീട്ടുകാർ നിശ്ചയിച്ച സമയത്തു മണ്ഡപത്തിൽ എത്തി. എന്നാൽ, മാല കൈമാറ്റത്തിനു തൊട്ടുമുൻപായി സ്ത്രീധനമായി ആവശ്യപ്പെട്ട ബൈക്കും സ്വർണമാലയും നൽകണമെന്നു വരൻ നിർബന്ധം പിടിച്ചു.
ഇപ്പോൾ തരാൻ കഴിയില്ലെന്നു വധുവിന്റെ വീട്ടുകാർ അറിയിച്ചതോടെ രോഷാകുലനായ വരൻ വിവാഹത്തിൽനിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിച്ചു. തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയുമായി.
വരൻ വധുവിന്റെ അച്ഛനെ മർദിക്കാനും ശ്രമിച്ചു. സംഘർഷത്തിനൊടുവിൽ വരനും സംഘവും വിവാഹവേദി വിട്ടു പോകുകയുംചെയ്തു. ഇനി സ്ത്രീധന തുക നൽകാൻ കഴിഞ്ഞാലും ഇത്തരത്തിലൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാട് വധുവും സ്വീകരിച്ചു.