ഭോപ്പാൽ: സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ കോടതിയിൽ എത്തിയതിനു പിന്നാലെ മർദനമേറ്റ യുവാവിനെതിരേ പോലീസ് കേസ്. ഹിന്ദു യുവതിയെ വിവാഹം ചെയ്യാൻശ്രമിച്ചു എന്നതാണ് ഇയാൾക്കെതിരേയുള്ള കുറ്റം.
കഴിഞ്ഞ ദിവസമാണ് ഭോപ്പാലിലെ ജില്ലാ കോടതിയിൽ ഹിന്ദു യുവതിയെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി മുസ്ലിം യുവാവ് എത്തിയത്. ഇതിനു പിന്നാലെ ഇയാളെ ഒരു സംഘമാളുകൾ കോടതിയിലും പോലീസ് വാഹനത്തിനുള്ളിൽവച്ചും ക്രൂരമായി മർദിച്ചു.
പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അവർ ഇടപെട്ടില്ല. മാത്രമല്ല യുവാവിനെതിരേ കേസുമെടുത്തു. താൻ സമീപിച്ച അഭിഭാഷകൻ 40,000 രൂപ വാങ്ങിയെങ്കിലും വിവാഹം നടത്താൻ വിസമ്മതിച്ചുവെന്നും അക്രമികളെ വിളിച്ചുവരുത്തിയെന്നും മർദനമേറ്റ സയ്യിദ് ഖാൻ ആരോപിച്ചു.