വിവാഹം എന്നു പറയുന്നത് വരനും വധുവും മാത്രമല്ല കൂടിച്ചേരുന്നത്. മറിച്ച് രണ്ട് കുടുംബങ്ങൾ കൂടിയാണ്. ഹിന്ദു വിശ്വാസ പ്രകാരം വരൻ വധുവിന്റെ കഴുത്തിൽ താലി ചാർത്തി അഗ്നിക്ക് പ്രദക്ഷിണം വയ്ക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകുന്നു. ആ സമയം ഇരുവരുടേയും തലയിൽ പുഷ്പ വൃഷ്ടി നടത്താറുമുണ്ട്.
കഴിഞ്ഞ ദിവസം നടന്ന കല്യാണച്ചടങ്ങിൽ വധൂ വരൻമാർക്ക് നേരേ പുഷ്പവൃഷ്ടി നടത്തിയതിന് പുരോഹിതന്റെ പക്കൽ നിന്നും ഒരു പറ്റം യുവാക്കൾക്ക് അസഭ്യം കേട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
താലികെട്ട് കഴിഞ്ഞ് വരനും വധുവും വലം വയ്ക്കുന്നതിനിടയിലാണ് ഒരു പറ്റം യുവാക്കൾ പുഷ്പ വൃഷ്ടി നടത്തിയത്. അതിനിപ്പോ എന്താ പൂവ് അവർക്കുമേലേ ചൊരിയുന്നത് നല്ലതല്ലേ, എന്തിനാണ് ചീത്ത പറയുന്നത് എന്ന് ചിന്തിച്ചെങ്കിൽ തെറ്റിപ്പോയി.
യുവാക്കൾ പൂക്കൾ വധൂ വരൻമാർക്ക് നേരേ വലിച്ചെറിയുകയായിരുന്നു. ഇതളുകൾ വേർതിരിക്കാത്ത മുഴുവനായുള്ള ബന്തിപ്പൂവാണ് ഇവർ വരന്റേയും വധുവിന്റേയും നേരെ ശക്തിയായി വലിച്ചെറിഞ്ഞത്. ഇത് കണ്ടുകൊണ്ട് തൊട്ടു അപ്പുറത്തായി നിന്ന പുരോഹിതന് നന്നായി ദേഷ്യം വന്നു. കലി അടക്കാൻ സാധിക്കാതെ പുരോഹിതൻ കൈയിലുണ്ടായിരുന്ന താലം എടുത്ത് പൂക്കളെറിഞ്ഞ യുവാക്കൾക്ക് നേരേ ശക്തിയായി എറിഞ്ഞു.
എന്തായാലും സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പുരോഹിനെ പിന്തുണച്ച് പലരും രംഗത്ത് എത്തി. അദ്ദേഹം കാണിച്ചതാണ് ശരി. വളരേ പവിത്രമായ ചടങ്ങാണ് വിവാഹം. ആരായാലും അതിനെ മാനിക്കണം എന്നാണ് പലരും അഭിപ്രായപ്പെട്ടത്.