നവവധൂവരന്മാർക്ക് വിവാഹദിവസം ആശംസകൾ നേർന്ന് സമ്മാനങ്ങൾ കൈമാറുന്നത് പതിവാണ്. വീട്ടുപകരണങ്ങളോ ആഭരണങ്ങളോ ഒക്കെയാകും അതിഥികൾ സമ്മാനിക്കുക. എന്നാൽ, മധ്യപ്രദേശിലെ ഗർഹകൊട്ടയിൽ നടന്ന സമൂഹവിവാഹത്തിൽ പങ്കെടുത്ത കല്യാണപ്പെണ്ണുങ്ങൾക്കെല്ലാം വ്യത്യസ്ത സമ്മാനമാണു ലഭിച്ചത്… തടി ഉലക്ക! മധ്യപ്രദേശിലെ ഗ്രാമവികസനമന്ത്രി ഗോപാൽ ഭാർഗവയാണ് “മോഗ്രി’ എന്നറിയപ്പെടുന്ന തടിക്കഷ്ണം ഉപഹാരമായി നൽകിയത്. “ഭർത്താവ് മദ്യപാനം തുടങ്ങി ശല്യക്കാരനായി മാറിയാൽ പ്രയോഗിക്കനുള്ളത്’ എന്ന കുറിപ്പും ഉലക്കയിൽ പതിച്ചിരുന്നു.
സംഭവം വിവാഹവേദിയിൽ ചിരിപടർത്തിയെങ്കിലും ചിരിച്ചുതള്ളാനുള്ളതല്ല ഉലക്കസമ്മാനം എന്ന് മന്ത്രി പറയുന്നു. ഭർത്താവിന്റെ അമിത മദ്യപാനം മൂലം പൊറുതിമുട്ടിയ പലരും കണ്ണീരോടെ തന്നെ സമീപക്കാറുണ്ട്. ഉപദേശം ഫലിക്കാതെ വരുന്പോൾ ഭാര്യ ഉലക്കകൊണ്ട് ഭർത്താവിന് “ഒന്നു കൊടുക്കുന്നതിൽ’ തെറ്റില്ലെന്നും മന്ത്രി അറിയിച്ചു. അക്ഷയതൃതീയ ദിനം പ്രമാണിച്ചു സംഘടിപ്പിച്ച സമൂഹവിവാഹത്തിൽ 700 ജോടികളാണുണ്ടായിരുന്നത്. 700 കല്യാണപ്പെണ്ണുങ്ങൾക്കും മന്ത്രി മോഗ്രി സമ്മാനിച്ചു.