ഭാര്യാഭർത്താക്കൻമാർക്കിടയിൽ രഹസ്യങ്ങൾ പാടില്ലെന്നാണ് പറയാറുള്ളതെങ്കിലും സൗദിയിലെ ചില ഭർത്താക്കൻമാരുണ്ട്. അവർ വിവാഹമോചനം കോടതിയിൽ ഭാര്യ അറിയാതെ രജിസ്റ്റർ ചെയ്യും. വിവാഹമോചനം ചെയ്യപ്പെട്ട വിവരം ഭാര്യ അറിയാറില്ല.
ഇത്തരത്തിൽ നിരവധി പരാതികൾ പല ഭാര്യമാരും ഉന്നയിച്ചതോടെ കോടതി രംഗത്തെത്തി. വിവാഹമോചനത്തിന് ഭർത്താവ് നോട്ടീസ് നൽകി രജിസ്റ്റർ ചെയ്താലുടൻ ആ വിവരം എസ്എംഎസ് വഴി ഭാര്യ അറിയുന്നതാണ് സംവിധാനം.
വിവാഹമോചനം ചെയ്യപ്പെടുന്പോൾ വനിതകളുടെ അവകാശങ്ങൾ ഉറപ്പുവരുത്താനാണ് പുതിയ സംവിധാനമെന്ന് സൗദി നീതിന്യായകോടതികൾ പറയുന്നു. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈൻ സേവനത്തിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്കാണ് എസ്എംഎസ് കിട്ടുക. വിവാഹമോചന സർട്ടിഫിക്കറ്റ് നന്പർ, കോടതി വിവരങ്ങൾ എന്നിവയെല്ലാം അതിലുണ്ടായിരിക്കും.
നീതിന്യായ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ സർട്ടിഫിക്കറ്റ് വിവരങ്ങൾ പരിശോധിക്കാനും സ്ത്രീകൾക്ക് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് സൗദിയിലെ ഭർത്താക്കൻമാരേ ഓർക്കുക..ഇനി മുതൽ ഭാര്യയറിയാതെ നിങ്ങൾക്ക് ഭാര്യയെ വിവാഹമോചനം ചെയ്യാൻ സാധിക്കില്ല. ഒരു നല്ല സുഹൃത്തായി കോടതി നിങ്ങളുടെ ഭാര്യക്കൊപ്പമുണ്ടാകും. ഇതൊക്കെത്തന്നെയല്ലേ സ്ത്രീപക്ഷ കോടതികൾ.