ഭാര്യയുമായുള്ള പുനർവിവാഹം നടന്ന അതേ ചടങ്ങിൽ യുവാവ് ഭാര്യയുടെ ബന്ധുവിനെയും താലിചാർത്തി. മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലായിരുന്നു ഈ ഇരട്ട വിവാഹം. നവംബർ 26 ന് ബിന്ദിലെ ഗുഡാവാലി ഗ്രാമത്തിൽ നടന്ന വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
ദിലീപ് എന്ന് വിളിക്കപ്പെടുന്ന ദീപു പരിഹാർ (35) ആണ് ഇരട്ട വിവാഹത്തിലെ നായകൻ. ഗുഡാവാലിയിലെ ഗ്രാമമുഖ്യന്റെ മകൾ വിനീത (28) ആണ് ദിലീപിന്റെ ഭാര്യ. വിനീതയെ പുനർവിവാഹം ചെയ്ത ദിലീപ് ഇവരുടെ ബന്ധുവായ രചനയെ (22) ഇതേ ചടങ്ങിൽവച്ച് താലിചാർത്തി രണ്ടാം ഭാര്യയാക്കുകയായിരുന്നു.
ഒൻപത് വർഷം മുമ്പാണ് വനീതയെ ദിലീപ് വിവാഹം ചെയ്തത്. ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളടക്കം മൂന്ന് കുട്ടികളുണ്ട്. വിനീതയുടെ സമ്മതപ്രകാരമാണ് രചനയെ വിവാഹം ചെയ്തതെന്ന് ദിലീപ് പറയുന്നു. വിനീതയ്ക്ക് അസുഖമായതിനാൽ കുട്ടികളെ പരിപാലിക്കാൻ വേണ്ടിയാണ് താൻ വീണ്ടും വിവാഹിതനായതെന്നും ദിലീപ് കൂട്ടിച്ചേർത്തു.