വെറും 20000 രൂപയ്ക്ക് ഒരു ആഘോഷ വിവാഹം. ആർക്കും ചിന്തിക്കാൻ കൂടി കഴിയില്ലായിരിക്കാം. എന്നാൽ ട്വിറ്ററിൽ ചർച്ചയാകുകയാണ് റിസ്വാൻ എന്ന പാക്കിസ്ഥാനി യുവാവിന്റെ പോസ്റ്റ്. തന്റെ വിവാഹം സംബന്ധിച്ചാണ് റിസ്വാൻ പെഹൽവാൻ ട്വീറ്റ് ചെയ്തത്. വിവാഹത്തിന് ആളുകളെ ക്ഷണിച്ചതുമുതൽ വേദി ഒരുക്കിയതു വരെ ലളിതമായി റിസ്വാൻ ട്വിറ്ററിൽ വിവരിച്ചിരിക്കുന്നു.
റിസ്വാന്റെ ട്വീറ്റ് ഇങ്ങനെ: വീടിന്റെ ടെറസിൽ ഒരുക്കിയ വിവാഹ വേദിയിലേക്ക് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ 25 പേരെ ക്ഷണിച്ചു. ചിക്കൻ ടിക്ക, സീക്ക് കബാബ്, പത്തൂരി ചന്ന ഹൽവ, സ്ട്രോബറികൾ എന്നിവയായിരുന്നു വിഭവങ്ങൾ. 20,000 രൂപ (ഇന്ത്യൻ രൂപ ഏകദേശം 10000) യായിരുന്നു ബജറ്റ്. ഭക്ഷണം പാകം ചെയ്യാനുള്ള പാചകക്കാരെ സുഹൃത്തുക്കൾ വിട്ടുനൽകി.
നവവധു ഖട്ടായ് ആലു പാകം ചെയ്തു. ടെറസ് അലങ്കരിക്കുന്നതിനുള്ള ബൾബും ലൈറ്റുകളും അച്ഛൻ വാങ്ങി. അതിഥികൾക്ക് ഇരിക്കാനുള്ള കസേരകൾ സമീപത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽനിന്ന് എടുത്തു. മേശകൾ സുഹൃത്ത് കൊണ്ടുവന്നു. വരനും വധുവും നീല സൽവാർ കമീസാണു ധരിച്ചത്. അമ്മയുടെയും സഹോദരിയുടെയും സമ്മാനമായിരുന്നു ഇത്. ഇതിനുശേഷം വിവാഹ ചടങ്ങുകൾ നടന്നു- റിസ്വാൻ ട്വീറ്റ് ചെയ്തു.
കൈയിലൊതുങ്ങുന്ന തരത്തിൽ എന്തുവേണമെങ്കിലും ചെയ്യാമെന്നും സന്തോഷമാണ് എല്ലാറ്റിലും ഉപരിയെന്നും റിസ്വാൻ പറയുന്നു. വിവാഹചടങ്ങിന്റെ ചിത്രങ്ങളും റിസ്വാൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. റിസ്വാനും വധുവിനും ആശംസയുമായി നിരവധിപേർ ട്വിറ്ററിൽ രംഗത്തെത്തി.