വിവാഹ ചടങ്ങിന് മദ്യപിച്ചെത്തിയ വരനെ വിവാഹം ചെയ്യാൻ വിസമ്മതിച്ച് യുവതി. ഒഡീഷായിലെ ഗോബർദൻ ബദ്മൽ ഗ്രാമത്തിലാണ് സംഭവം. 20 വയസുകാരിയായ മമത ഭോയിയായിരുന്നു വധു. മേയ് 12നായിരുന്നു മമതയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
സ്ഥിരം മദ്യപാനിയായ വരൻ വിവാഹത്തിനും മദ്യപിച്ചാണെത്തിയതെന്ന് അറിഞ്ഞതോടെ വധു വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. വരന് കാല് പോലും നിലത്തുറയ്ക്കുന്നില്ലായിരുന്നുവെന്നും മമത പറഞ്ഞു.
ഈ സംഭവം ഏറെ ചർച്ചാ വിഷയമായതോടെ ജില്ലാ കളക്ടർ ഉൾപ്പടെ നിരവധിയാളുകൾ അഭിനന്ദനവുമായി രംഗത്തെത്തുകയായിരുന്നു. പതിനായിരം രൂപയും ഷോളും ഉപഹാരമായി കളക്ടർ മമതയ്ക്ക് നൽകി. തുടർന്ന് മറ്റൊരാളുമായി മമതയുടെ വിവാഹം ബന്ധുക്കൾ ഉറപ്പിച്ചു.