ആധുനിക കാലഘട്ടത്തില് ആളുകള് ഏറ്റവും കൂടുതല് പണം ചെലവാക്കുന്നത് വിവാഹത്തിനും അതിനോടനുബന്ധിച്ച ചടങ്ങുകള്ക്കുമാണ്. എന്നാല് വളരെ വിരളമായി ഇത്തരം ധൂര്ത്തിനോട് മുഖം തിരിക്കുന്നവരുമുണ്ട്. അത്തരത്തിലുള്ള ഒരാളാണ് സൂര്യകൃഷ്ണമൂര്ത്തി. നാടകത്തിനും നൃത്തത്തിനും പുതുമാനം കണ്ടെത്തിയ സൂര്യഫെസ്റ്റിന്റെ സ്ഥാപകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീനും മുന് കേരള സംഗീത നാടക അക്കാഡമി ചെയര്മാനുമായ സൂര്യകൃഷ്ണമൂര്ത്തി മകളുടെ വിവാഹത്തിന് സ്ത്രീധനവും സല്ക്കാര ചടങ്ങളുകളും സദ്യയും ഒഴിവാക്കി, അതിനായി കരുതിയിരുന്ന തുക 20 നിര്ധന കുട്ടികള്ക്ക് അടുത്ത നാലുവര്ഷത്തെ പഠനത്തിനായി നല്കുന്നു.
മകള് സീത പഠിച്ച മോഡല് സ്കൂള് അധികൃതര്ക്കും ഗവ ആര്ട്സ് കോളേജ് ടികെഎം എന്ജിനിയറിങ് കോളേജ് പ്രിന്സിപ്പലിനും വിവാഹത്തിനു മുന്പ് തുക കൈമാറും. സിവില് സര്വീസ് അക്കാദമിയില് സീതയ്ക്കൊപ്പം ട്രെയിനിങിനുണ്ടായിരുന്ന ചന്ദന്കുമാറാണ് വരന്. ബീഹാര് സ്വദേശിയാണ് ചന്ദന്കുമാര്, പരസ്പരം മനസിലാക്കിയ കുട്ടികള് ഒന്നിക്കുന്നതില് ഇരു കുടുംബങ്ങള്ക്കും ഒരു എതിര്പ്പുമുണ്ടായിരുന്നില്ലെന്ന് മൂര്ത്തി ക്ഷണക്കത്തില് കുറിച്ചു.
മേയ് 13,14,15 തീയതികളില് നവവധൂവരന്മാര് തങ്ങളുടെ വീട്ടിലുണ്ടാകും. സൗകര്യംപോലെ ഏതെങ്കിലും ദിവസം രാവിലെ 9.00 മുതല് 12.30 വരെയും വൈകീട്ട് 4.30 മുതല് 9.30 വരെയുമുള്ള സമയങ്ങളില് കുടുംബസമേതം വീട്ടില് വന്ന് മക്കളെ അനുഗ്രഹിക്കണം എന്നാണ് ക്ഷണക്കത്തില് അഭ്യര്ത്ഥിച്ചിരിക്കുന്നത്. സമ്മാനങ്ങള് സ്വീകരിക്കുന്നതായിരിക്കില്ല. തലയില് ഇരുകൈകളും വച്ച് അനുഗ്രഹിച്ചാല് മാത്രം മതിയെന്നും കത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്. ഒരു പുതുമയുള്ളതിനാല് ഈ ക്ഷണക്കത്തിപ്പോള് സാമൂഹ്യമാധ്യമങ്ങളില് വൈറലായികൊണ്ടിരിക്കുകയാണ്.