ഇത്ര മെനക്കെട്ട ചടങ്ങായിരുന്നു കല്ല്യാണമെങ്കില്‍ ഇറങ്ങി പുറപ്പെടില്ലായിരുന്നു! ന്യൂജെന്‍ കല്ല്യാണത്തിന് പുറകേ ന്യൂജെന്‍ കല്ല്യാണവിളി! വൈറലായി വീഡിയോ

വിവാഹവും അതിനോടനുബന്ധിച്ച ചടങ്ങുകളും ഒന്നിനൊന്ന് വ്യത്യസ്തമാക്കാനാണ് ഇന്നത്തെ യുവതലമുറ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എല്ലാക്കാര്യത്തിലും വേറിട്ട് നില്‍ക്കണം എന്നതാണ് അവരുടെ ലക്ഷ്യം. ഇന്നത്തെ ബഹുഭൂരിപക്ഷം വിവാഹങ്ങളും അങ്ങനാണുതാനും. അതിനുള്ള തട്ടുപൊളിപ്പന്‍ ആശയങ്ങളും പുതുതലമുറയുടെ കൈവശമുണ്ട്. വിവാഹചടങ്ങുകളില്‍ വ്യത്യസ്ത കൊണ്ടുവന്നിട്ടുണ്ടെങ്കിലും വിവാഹ ക്ഷണം പരമ്പരാഗത രീതിയില്‍ തന്നെയാണ് ആളുകള്‍ ഇപ്പോഴും തുടര്‍ന്നു വന്നിരുന്നത്. എന്നാലിപ്പോളിതാ അക്കാര്യത്തിലും ന്യൂജെന്‍ പിള്ളേര്‍ മാറ്റം കൊണ്ടുവന്നിരിക്കുന്നു.

അവതരണത്തിലെ വ്യത്യസ്ത കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഒരു കല്ല്യാണം വിളി. പൊതുവെ വധൂവരന്മാരുടെ മാതാപിതാക്കളോ മറ്റു മുതിര്‍ന്നവരോ ആയിരിക്കും കല്യാണം വിളിക്കുക, എന്നാല്‍ ഈ വീഡിയോയില്‍ സാക്ഷാല്‍ വധു തന്നെയാണ് കല്ല്യാണ വിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്ര മെനക്കെട്ട ഒരു ചടങ്ങാണ് കല്ല്യാണം വിളി എന്നറിഞ്ഞിരുന്നുവെങ്കില്‍ ഈ പരിപാടിക്ക് ഇറങ്ങില്ലായിരുന്നു എന്ന ആമുഖത്തോടെയാണ് വധു ക്രിസ്റ്റീനയുടെ വീഡിയോ ആരംഭിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ വരന്‍ ദിലുവിനെയും പരിചയപ്പെടുത്തുന്നുണ്ട്.

തുടര്‍ന്ന് വിവാഹ ഒരുക്കങ്ങള്‍ നടത്തുന്ന വീട്ടുകാര്‍, ഡ്രസ് ഡിസൈനര്‍മാര്‍, ജ്വല്ലറിക്കാര്‍, ഓഫീസ് സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങി വീടിന് പെയിന്റടിക്കാന്‍ എത്തിയ ജോലിക്കാരെ വരെ വീഡിയോയില്‍ കാണിക്കുന്നുണ്ട്. ജിമ്മില്‍പോയി ഫിറ്റ് ആയി, പാര്‍ലറില്‍ പോയി മുഖം മിനുക്കി വിവാഹത്തിനൊരുങ്ങിയിരിക്കുന്ന ക്രിസ്റ്റീന സന്തോഷത്താല്‍ ഓടിനടക്കുന്നതിനിടെ പെട്ടെന്ന് കാലുതെറ്റി വീഴുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ഒരല്‍പം കോമഡി കലര്‍ത്തിയ ഈ കല്യാണ വിളിക്ക് ഇതിനകം തന്നെ വന്‍ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. വെറും 1 മിനിറ്റ് 36 സെക്കന്‍ഡ് മാത്രം നീണ്ടുനില്‍ക്കുന്നതാണ് ഈ വീഡിയോ. ഏതായാലും കല്ല്യാണത്തോടെ വധുവും വരനും പ്രശസ്തരായി എന്നുവേണം കരുതാന്‍. ഇനിയേതായാലും ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ ഇന്റര്‍നെറ്റ് ലോകത്ത് പ്രത്യക്ഷപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

 

 

Related posts