താലിക്കെട്ടി ഭാര്യയാക്കിയതിന് തൊട്ടുപിന്നാലെ വരന് താലിമാലയൂരി നല്കി വധു കാമുകനൊപ്പം പോയി. അപമാനിതരായ വരന്റെ ബന്ധു വധുവിന്റെ ബന്ധുവിനെ ചെരിപ്പൂരി തല്ലിയതോടെ വിവാഹം കൂട്ടത്തല്ലായി മാറി. ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് ഞായറാഴ്ച നാടകീയമായ സംഭങ്ങള്‍ അരങ്ങേറിയത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. തൃശൂര്‍ ജില്ലക്കാരാണ് വധുവും വരനും.
മുല്ലശേരി സ്വദേശിനിയായ യുവതിയാണ് കഥാനായിക. വധുവിന്റെ കാമുകന് വന്നിട്ടുണ്ടെന്ന കാര്യം അറിഞ്ഞയുടന്‍ വരന് രോഷാകുലനായി. ക്ഷേത്രനടയിലെ താലികെട്ട് കഴിഞ്ഞ് തൊട്ടടുത്തുള്ള കല്യാണമണ്ഡപത്തിലേക്ക് പോകുന്നതിനിടെ വരന് ഇക്കാര്യം അമ്മയോടു പറഞ്ഞു. പിന്നെയത് ബന്ധുക്കളിലേക്ക് പകര്‍ന്നു. ഫോട്ടോയും വീഡിയോയും എടുക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ പറഞ്ഞ് വരന്റെ ബന്ധുക്കള്‍ വധുവിന്റെ ആളുകളെ വളഞ്ഞു. പിന്നെ ഉന്തും തള്ളും. കല്യാണം വേണ്ടെന്നുപറഞ്ഞ് വരന്റെ ബന്ധുക്കള്‍ താലിമാലയും മറ്റ് സ്വര്‍ണാഭരണങ്ങളും ഊരിവാങ്ങി. വിവാഹസാരിയും ചെരുപ്പും അടുത്തിടെ വധുവിന് വാങ്ങിക്കൊടുത്ത വിലകൂടിയ മൊബൈല്‍ ഫോണും ഒമ്പതു പവന് തൂക്കമുള്ള താലിമാലയും വരന് ഊരിവാങ്ങി.
വരനും കൂട്ടര്‍ക്കും തലകറക്കം അനുഭവപ്പെട്ടതോടെ ബന്ധുക്കള്‍ ഇടപെട്ട് വരനേയും വധുവിനെയും വിവാഹസല്‍ക്കാരം നടക്കുന്ന മണ്ഡപത്തിലെത്തിച്ചു. ബന്ധുക്കള്‍ കാര്യഗൗരവം പറഞ്ഞ് മനസിലാക്കിയെങ്കിലും വധു തന്റെ നിലപാടില്‍ ഉറച്ചു നിന്നു. താലി തിരിച്ചു നല്കിയതിനാല് വരന്റെ വീട്ടുകാര്‍ നല്കിയ സാരിയും ഊരി നല്‍കണമെന്നു വരനും കൂട്ടരും നിര്‍ബന്ധം പിടിച്ചു. വധു അതു ബന്ധുക്കളെ ഏല്‍പ്പിച്ചെങ്കിലും വധു തന്നെ തിരിച്ചു നല്‍കണമെന്ന ആവശ്യം ശക്തമായതോടെ വധു അതിനും തയാറായി. ഇതിനിടയില്‍ വരന്റെ ബന്ധുക്കള്‍ ചെരിപ്പൂരി വധുവിന്റെ ബന്ധുക്കളിലൊരാളെ അടിച്ചതോടെ രംഗം മാറി. പിന്നെ കൂട്ടത്തല്ലായി.
മണ്ഡപത്തിന്റെ ഉടമ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലെത്തി. ഇരു കൂട്ടരേയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കണമെന്നു വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്കൊടുവില്‍ 8 ലക്ഷം രൂപയ്ക്ക് തീരുമാനമായി ഒരു മാസത്തിനുള്ളില്‍ നല്‍കാമെന്ന് വധുവിന്റെ അച്ഛന് സമ്മതിച്ചു കരാര്‍ ഒപ്പിട്ടു. അതേസമയം ഇന്ന് മധ്യസ്ഥചര്‍ച്ചയ്ക്ക് ഇരുകൂട്ടരെയും പോലീസ് വിളിച്ചിട്ടുണ്ട്.