ഭാര്യയെ കാമുകനു വിവാഹം ചെയ്തുനല്കിയ മറ്റൊരു ഭര്‍ത്താവിന്റെ വാര്‍ത്തകൂടി ഉത്തർപ്രദേശിൽനിന്നു പുറത്തുവന്നു. ഫറൂഖാബാദിലാണ് സംഭവം. കാസ്ഗഞ്ച് ജില്ലയിലെ ഛരിയാഗഞ്ച് പോലീസ് സ്റ്റേഷനു കീഴിലുള്ള പട്യാലി ഗ്രാമവാസിയായ രാഹുലാണ് ഭാര്യ വൈഷ്ണവിയെ കാമുകനു വിവാഹം ചെയ്തുനൽകിയത്.
2023ൽ ആയിരുന്നു വൈഷ്ണവിയുടെയും രാഹുലിന്റെയും വിവാഹം. മാസങ്ങൾക്കുള്ളിൽ ഇവർതമ്മിൽ അഭിപ്രായവ്യത്യാസങ്ങളും വഴക്കും തുടങ്ങി. തുടർന്ന്, വൈഷ്ണവി സ്വന്തം വീട്ടിലേക്കു മടങ്ങി. എന്നാൽ ഇവർ നിയമപരമായി വേർപിരിഞ്ഞിരുന്നില്ല. സത്യവാംഗ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വൈഷ്ണവിയുടെ രണ്ടാം വിവാഹം.
യുപിയില്‍ അടുത്തിടെ മറ്റൊരാൾ തന്റെ ഭാര്യയെ കാമുകനു വിവാഹം ചെയ്തു നല്‍കിയിരുന്നു. കബീർ നഗർ ജില്ലക്കാരനായ ബബ്ലുവാണ് ഭാര്യ രാധികയെ കാമുകന് വിവാഹം ചെയ്തു നല്‍കിയത്. കുട്ടികളെ വളർത്തുന്നതിന്റെ ഉത്തരവാദിത്വം ഇയാൾ സ്വയം ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്നു ദിവസത്തിനുള്ളിൽ ബബ്ലു ഭാര്യയെ കാമുകന്റെ അടുത്തുനിന്നു തിരികെകൊണ്ടുവന്നു, ഏറെ കോളിളക്കം സൃഷ്ടിച്ച മീററ്റ് കൊലക്കേസിനെത്തുടർന്ന്, യുവാക്കൾക്കുണ്ടായ ഭയമാണ് ഇത്തരം വിവാഹങ്ങൾക്കു കാരണമെന്നു റിപ്പോർട്ടുണ്ട്. മീററ്റിൽ മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനുംകൂടി കൊലപ്പെടുത്തി കഷണങ്ങളാക്കി വീപ്പയിലാക്കി ഉപേക്ഷിക്കുകയായിരുന്നു.