മുതലയുടെ ആക്രമണത്തിൽ വിവാഹത്തിനു ദിവസങ്ങൾക്കു മുന്പേ കൈ നഷ്ടമായ സെനലെ നെലോനു എന്ന യുവതിയുടെ കഴുത്തിൽ നിശ്ചയിച്ച ദിവസം തന്നെ വരൻ വരണമാല്യം ചാർത്തി. സിംബാവേ സ്വദേശിയായ സെനലെ നെലോനുവും ഭാവി വരൻ ജെയ്മി ഫോക്സും വിവാഹത്തിനു ദിവസങ്ങൾ മാത്രം അവശേഷിക്കെ സാംബേസി നദിയിൽ നടന്ന വഞ്ചി തുഴയലിൽ പങ്കെടുത്തിരുന്നു.
വഞ്ചി തുഴഞ്ഞുകൊണ്ടിരിക്കുന്ന ഇവരെ ആക്രമിച്ച മുതല സെനലെയെ കടിച്ചുകൊണ്ട് പോകുകയായിരുന്നു. ഈ ആക്രമണത്തിൽ ഇവരുടെ കൈ നഷ്ടമാകുകയും ചെയ്തു.
അറ്റുപോയ കൈ തുന്നിപ്പിടിപ്പിക്കുവാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അതിനു സാധിച്ചില്ല. എന്നാൽ സെനലയുടെ ജീവൻ രക്ഷിക്കുവാൻ സാധിച്ചു.
കൈനഷ്ടമായപ്പോഴും കരയാതിരുന്ന സെനല ആക്രമണത്തിന്റെ ഞെട്ടലിലായിരുന്നുവെന്ന് ജെയ്മി പറഞ്ഞു. കൈ നഷ്ടമായതിന്റെ വേദനയിലല്ല സെനലയുടെ ജീവൻ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് താനെന്നും ജെയ്മി കൂട്ടിച്ചേർത്തു.
സെനലെയെ ചികിത്സിക്കുന്ന ആശുപത്രിക്കു സമീപത്തുള്ള പള്ളിയിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ പതിനെട്ട് മാസങ്ങളായി ഇരുവരും പ്രണയത്തിലാണ്.