കൊതിപ്പിക്കും വെഡ്ഡിംഗ് ഫോട്ടോഗ്രഫി

വിവാഹ സുദിനം എന്നെന്നും ഓര്‍ത്തിരിക്കാനും വ്യത്യസ്തവും ഒരല്‍പ്പം വൈറലുമാകാന്‍ ഏറ്റവും സുലഭമായ മാര്‍ഗമായി വെഡ്ഡിംഗ് ഫോട്ടോഗ്രഫി മാറിയിട്ട് കാലങ്ങളായി. കഥയും കാര്യവുമായി സെറ്റിട്ട് തീമൊരുക്കി വിവാഹ ഫോട്ടോ ഷൂട്ട് നടത്താത്തവര്‍ ഇന്ന് ചുരുക്കമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഈ രംഗത്തുണ്ടായ മാറ്റം സ്വപ്‌ന സമാനമാണ്. ഫാഷന്‍ – പരസ്യ ഫോട്ടോഗ്രഫി, സിനിമാറ്റോഗ്രഫി, വെഡ്ഡിംഗ് ഫോട്ടോഗ്രഫി എന്നിവയില്‍ ഉണ്ടായിരുന്ന വ്യത്യാസവും അകലവും ഏറെക്കുറേ ഇല്ലാതായി എന്നതാണ് ഏറ്റവും വലിയ കാര്യം.

ഫോട്ടോഗ്രഫിയിലെ ഏറ്റവും നൂതന പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ഫാഷന്‍ ഫോട്ടോഗ്രഫി രംഗത്തേക്ക് വെഡ്ഡിംഗ് ഫോട്ടോഗ്രാഫര്‍മാര്‍ നവ വധൂവരന്മാരെയും കൊണ്ട് ഓടിക്കയറിയെന്നോ, വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിലേക്ക് ഫാഷന്‍ ഫോട്ടോഗ്രഫിക്കുപയോഗിച്ചിരുന്ന ഉപകരണങ്ങളും സജ്ജീകരണങ്ങളും ഇറങ്ങിവന്നുവെന്നോ പറയാം. ഓരോ ദിവസവും വിസ്മയകരമായ രീതിയില്‍ ഫോട്ടോഷൂട്ട് നടത്തി ഞെട്ടിക്കുന്ന ഫോട്ടോഗ്രാഫര്‍മാരും എന്തിനും തയാറായി നില്‍ക്കുന്ന വധൂവരന്മാരും വിവാഹ ഫോട്ടോഷൂട്ടില്‍ വിസ്മയങ്ങള്‍ തീര്‍ക്കുകയാണ്.

സേവ് ദി ഡേറ്റ്

വിവാഹ ഫോട്ടോഗ്രഫിയിലെ ഏറ്റവും പുതിയ ട്രെന്‍ഡാണ് സേവ് ദി ഡേറ്റ്. കല്യാണക്കുറി പഴഞ്ചനാണെന്നും പതിവ് തെറ്റിക്കാതിരിക്കാനും ബന്ധുക്കള്‍ക്ക് വിഷമമാവാതിരിക്കാനും പേരിന് ക്ഷണക്കത്ത് അടിക്കുന്നുണ്ടെങ്കിലും ഡിജിറ്റല്‍ ക്ഷണക്കത്തിനോടാണ് പുതിയ തലമുറയ്ക്ക് കൂടുതല്‍ ഇഷ്ടം.

തങ്ങളുടെ വിവാഹ ക്ഷണക്കത്തില്‍ ഒരു ഫോട്ടോ കൂടി ഇരിക്കട്ടെ എന്നതില്‍ നിന്നും വിവാഹത്തിന് മുന്‍പൊരു ഫോട്ടോഷൂട്ട് നടത്തി അതുവഴി കല്യാണം ക്ഷണിക്കാം എന്ന സങ്കല്‍പ്പമാണ് സേവ് ദി ഡേറ്റ്. വ്യത്യസ്തവും ആകര്‍ഷകവുമായി സേവ് ദി ഡേറ്റ് ചിത്രീകരിക്കാന്‍ ഏതറ്റം വരെ പോകാനും വധൂവരന്മാരും ഫോട്ടോഗ്രാഫര്‍മാരും തയാറായതോടെ സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളിലും ടൈംലൈനുകളിലും വിസ്മയങ്ങളാണ് തെളിയുന്നത്. സ്വന്തം പ്രണയകഥ മുതല്‍ സിനിമകളുടെ സ്പൂഫുകള്‍ വരെ ഇത്തരത്തില്‍ പരീക്ഷിക്കുന്നുണ്ട്.

മാലാദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍, മലേഷ്യ തുടങ്ങിയ പ്രദേശങ്ങളിലേതടക്കം സേവ് ദി ഡേറ്റ് ഫോട്ടോഷൂച്ച് നടത്താനായി വധൂവരന്മാരും ഫോട്ടോഗ്രാഫര്‍മാരും പോകാറുണ്ട്. അത്രയ്ക്കങ്ങ് കടന്ന് ചിന്തിക്കാനാവാത്തവരും ഊട്ടിയും വാഗമണും കൊടൈക്കനാലുമടക്കമുള്ള ദൃശ്യഭംഗി ചോരാത്ത ഇടങ്ങള്‍ തേടിപ്പോകാന്‍ യാതൊരു മടിയും കാണിക്കുന്നില്ലെന്നിടത്താണ് ഫോാേഷൂട്ട് എത്തി നില്‍ക്കുന്നത്.

മുന്‍കാലങ്ങളില്‍ ഒരു കല്യാണ ആല്‍ബത്തിന് മുടക്കിയിരുന്നതിനേക്കാളേറെ തുക മുടക്കാന്‍ ആളുകള്‍ തയാറാണ്. പത്ത് വര്‍ഷം മുന്‍പ് വരെ കല്ല്യാണ ഫോട്ടോയും വീഡിയോയും കൂടി 25,000 രൂപയോളം വരുന്നത് തന്നെ കൂടുതലായിരുന്നെങ്കില്‍ ഇന്ന് ലക്ഷങ്ങള്‍ ഫോട്ടോഗ്രഫിക്ക് മാത്രം മുടക്കാനും അതിനായി എന്ത് സാഹസമെടുക്കാനും നവവധൂവരന്മാര്‍ തയാറാണ്.

പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂെട്ടന്ന സങ്കല്‍പം ഇന്ന് പ്രീ വെഡ്ഡിംഗിലേക്കെത്തിയെന്നതും ഈ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു മാറ്റമാണ്. മുന്‍പ് മോഡല്‍/ഫാഷന്‍ ഫോട്ടോഷൂട്ടിന് മാത്രം ലഭ്യമായിരുന്ന വസ്ത്രങ്ങളും വസ്ത്രം മാറാനാവശ്യമായ പോര്‍ട്ടബിള്‍ ടെന്റ് തുടങ്ങിയ എന്തും വാടകയ്ക്ക് കിട്ടുന്നു എന്നതും വിവാഹ ഫോട്ടോ ഷൂട്ടിനെ ഇത്രയേറെ മികവിലേക്കെത്തിക്കാന്‍ കാരണമായി.

തീം

വിവാഹ ഫോട്ടോഗ്രഫിയേയും വീഡിയോഗ്രഫിയെയും ഏറ്റവുമധികം ആകര്‍ഷകമാക്കാന്‍ ഏറ്റവും എളുപ്പത്തിലുള്ള വഴിയാണ് തീം തെരഞ്ഞെടുപ്പ്. നര്‍മവും വസ്തുതകളും തുടങ്ങി കാലികപ്രസക്തമായ വിഷയങ്ങളില്‍ വരെ ഫോട്ടോഷൂട്ട് നടത്തിയാണ് ഓരോ ദിവസവും വിവിധ വിവാഹ ഫോട്ടോകള്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടുന്നത്.

ട്രാന്‍സ്‌പോര്‍ട്ട് ബസ് മുതല്‍ റെയില്‍വേ സ്‌റ്റേഷന്‍ വരെ ഇത്തരത്തില്‍ ഈ അടുത്ത കാലത്ത് വിവാഹ ഫോട്ടോ ഷൂട്ടിന് തീമായിട്ടുണ്ട്. ഓട്ടോ ഡ്രൈവറും യാത്രക്കാരിയും, ആദ്യത്തെ കണ്ടുമുല്‍, മലമുകളിലെ സാഹസങ്ങള്‍, ക്ലാസ് മുറികളിലേക്കുള്ള മടങ്ങിപ്പോക്ക്, തുടങ്ങി പൊളിഞ്ഞുപോയ പാലാരിവട്ടം പാലത്തില്‍ വരെ സര്‍ഗാത്മകമായി ഫോട്ടോഷൂട്ട് നടത്തി ഫോാേഗ്രാഫര്‍മാരും വധൂവരന്മാരും ഞെട്ടിച്ചു കഴിഞ്ഞു.

ഫോട്ടോഗ്രാഫേഴ്‌സ് ടീം

മുന്‍കാലങ്ങളില്‍ വരന്റെയും വധുവിന്റെയും വീടുകളില്‍ വെവ്വേറെ ആളുകളെ ഫോട്ടോഗ്രഫിക്കായി ചുമതലപ്പെടുത്തിയിരുന്നെങ്കില്‍ ഇന്ന് മൊത്തം ക്വേട്ടഷന്‍ ഏറ്റെടുത്ത് രണ്ട് വീടുകളിലും സുസജ്ജമായ ടീമുമായാണ് ഫോട്ടോഗ്രാഫേഴ്‌സ് എത്തുന്നത്.

ഇതിന്റെ മേന്മ ആല്‍ബം കൈയില്‍ കിട്ടുമ്പോള്‍ വധൂവരന്മാരുടെയും കുടുംബക്കാരുടെയും സംതൃപ്തിയില്‍ നിന്ന് അറിയാനാവുന്നുണ്ടെന്നും ഫോട്ടോഗ്രാഫര്‍മാര്‍ സാക്ഷ്യ പ്പെടുത്തുന്നു. മുന്‍കാലങ്ങളില്‍ ഒറ്റയാള്‍ പട്ടാളം എന്ന നിലയില്‍ തുടങ്ങിയ ഫോട്ടോ ഷൂട്ട് ഇന്ന് കാന്‍ഡിഡ്, ഡീറ്റെയിലിംഗ്, ഫങ്ഷന്‍ എന്നീ മൂന്ന് ടീമായി തരംതിരിച്ച് ഫോട്ടോ എടുക്കുന്ന രീതിയിലേക്കും വിവാഹ ഫോട്ടോഗ്രഫി മാറിക്കഴിഞ്ഞിട്ട് കുറച്ചു കാലമായി.

വവ്വാല്‍ മുതല്‍ ഡ്രോണ്‍ വരെ

ഹെലിക്യാമില്ലാത്ത കല്യാണമോ? വിവാഹ ഫോട്ടോഷൂട്ടിന്റെ പൂര്‍ണതയായാണ് ഇന്നത്തെ തലമുറ ഹെലിക്യാമിനെ കാണുന്നത്. എന്നാല്‍ ഹെലിക്യാമിനൊപ്പം മരത്തിന് മുകളില്‍ കയറി ചില്ലകള്‍ക്കിടയിലൂടെയും മരച്ചില്ലയില്‍ തലകുത്തനേ തൂങ്ങിക്കിടന്ന് വവ്വാലിനെപ്പോലെയുമെല്ലാം ഫോട്ടോഗ്രാഫുകളെ ട്രെന്‍ഡിംഗ് ലിസ്റ്റിലേക്കെത്തിക്കാന്‍ ഫോട്ടോഗ്രാഫര്‍മാരെടുക്കുന്ന സാഹസങ്ങളും അടുത്ത കാലത്ത് ട്രെന്‍ഡാവുന്നുണ്ട്.

ഫോട്ടോഗ്രാഫര്‍മാര്‍ രസത്തിനായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത ഇത്തരം ഫോട്ടോകള്‍ വധൂവരന്മാരുടെ ഫോട്ടോയെക്കാള്‍ ട്രെന്‍ഡായ സംഭവവും ഉണ്ടായിട്ടുണ്ട്. ‘മഹേഷേ ഫോട്ടോഗ്രഫി പഠിപ്പിക്കാന്‍ പറ്റില്ല! വേണമെങ്കില്‍ പഠിക്കാം’ എന്ന മഹേഷിന്റെ പ്രതികാരത്തിലെയും മറ്റ് സിനിമകളിലെയും സംഭാഷണങ്ങള്‍ കോര്‍ത്തിണക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ടിക് ടോക്ക് വീഡിയോകളും ഫോട്ടോഗ്രാഫുകളെ ട്രെന്‍ഡാക്കാന്‍ ഇന്ന് സുലഭമായി ഉപയോഗിക്കുന്നുണ്ട്.

മലരിക്കല്‍ മുതല്‍ മുഴുപ്പിലങ്ങാട് വരെ

ആമ്പല്‍ പൂത്തത് മാത്രമേ കോട്ടയം മലരിക്കല്‍ പാടത്തിന് ഓര്‍മയുള്ളൂ… പിന്നെ ചറപറാ പടമെടുപ്പായിരുന്നു. ഏറ്റവും പുതുതായി വിവാഹ ഫോട്ടോഗ്രഫി നടത്തുന്ന ഇടങ്ങളുടെ ലിസ്റ്റിലേക്ക് ചേക്കേറിയത് മലരിക്കലെ ആമ്പല്‍ പാടമാണ്. പൂപറിച്ചും വള്ളത്തില്‍ പൂക്കള്‍ക്കിടയില്‍ കിടന്നും പരസ്പരം വെള്ളം തെറിപ്പിച്ചും വധൂവരന്മാര്‍ മലരിക്കല്‍ പാടം ഏറ്റെടുത്തു. വിവാഹ ഫോട്ടോഗ്രഫിയില്‍ അന്നും ഇന്നും ലൊക്കേഷനുകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്.

പച്ചപ്പും ഹരിതാഭയും ബീച്ചും കുന്നും മലനിരകളുമെന്നുവേണ്ട കാമറക്ക് സുഖമുള്ള കാഴ്ചകള്‍ നല്‍കുന്ന ലൊക്കേഷനുകള്‍ തേടി എത്രവേണമെങ്കിലും യാത്ര ചെയ്യാന്‍ വധൂവരന്മാരും ഫോട്ടോഗ്രാഫര്‍മാരും തയാറാകുന്നതോടെ വിരിയുന്ന വിസ്മയങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ഡ്രൈവ് ഇന്‍ ബീച്ചായ കണ്ണൂര്‍ മുഴുപ്പിലങ്ങാട് മുതല്‍ കോട്ടയം കിടങ്ങൂരില്‍ പ്രളയത്തിന് ശേഷമുണ്ടായ മണ്‍തിട്ട വരെ ഫോട്ടോഗ്രാഫര്‍മാര്‍ വിസ്മയകരമായ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.

ചെമ്പിലും ചെളിയിലും

ചെമ്പിലിറങ്ങിയും ചെളിയില്‍ കുളിച്ചും തുടങ്ങി മല മുകളില്‍ നിന്ന് ചാടിയും കുന്നുകളില്‍ ഓടിക്കയറിയും ചാടിയിറങ്ങിയുമെന്നുവേണ്ട എന്ത് സാഹസമെടുത്തും ഫോട്ടോകള്‍ വൈറലാക്കുകയാണ് വധൂവരന്മാര്‍. വെഡ്ഡിംഗ് ഫോട്ടോഗ്രഫിയില്‍ അടുത്തകാലത്തായി ട്രെന്‍ഡായ മറ്റൊന്നാണ് അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രഫി.

നടി കുളത്തിലേക്ക് ചാടുകയാണല്ലോ കാമറയും ഒപ്പം ചാടട്ടേയെന്ന ശ്രീനിവാസന്റെ ഡയലോഗ് അച്ചട്ടായിട്ട് ഒട്ടുകാലമായി. കല്യാണം കഴിഞ്ഞ് പച്ചപ്പു തേടി നടന്ന വധൂവരന്മാര്‍ വിവാഹ വേഷത്തില്‍ വെള്ളത്തിലേക്ക് ചാടി ഒഴുകി നടക്കുന്ന വസ്ത്രത്തിന്റെ ഭംഗി ചിത്രത്തിലേക്ക് ഒപ്പുകയാണ്. ആലപ്പുഴ, തൃശൂര്‍, മൂന്നാര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെല്ലാം ഇന്ന് അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രഫി നടത്തുന്ന ഫോട്ടോഗ്രാഫര്‍മാരും പൂളുകളും സജീവമായുണ്ട്. പോര്‍ട്ടബിള്‍ ഗ്ലാസ് പൂളുകളിലും കാമറ താഴ്ത്തിയെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍വരെ കേരളത്തില്‍ യഥേഷ്ടമുണ്ട്.

കോസ്റ്റ്യൂമിലെ വൈവിധ്യങ്ങള്‍

വിവാഹ സന്ദര്‍ഭത്തില്‍ പാരമ്പര്യ വസ്ത്രങ്ങളണിയുന്നതിന് പുറമേ ഗുജറാത്തി, രാജസ്ഥാനി വധൂവരന്മാരുടെ പാരമ്പര്യ വേഷവിധാനങ്ങള്‍ സ്വന്തം വിവാഹ വേളയിലേക്കും ഫോട്ടോ ഷൂട്ടിലേക്കും എത്തിക്കുന്നതിലൂടെയും ട്രെന്‍ഡിംഗ് ലിസ്റ്റിലേക്കെത്താന്‍ വധൂവരന്മാര്‍ ശ്രമിക്കുന്നുണ്ട്

ആദില്‍ മുഹമ്മദ്

Related posts