വിവാഹ ആല്‍ബത്തിലും വിവാഹവീഡിയോയിലും വ്യത്യസ്തതയും ആകര്‍ഷകത്വവും ഉണ്ടാക്കുന്നതിനായി പലതും കാട്ടിക്കൂട്ടുന്നവരാണ് ഇന്നത്തെ യുവതലമുറ. വിവാഹ ഫോട്ടോഷൂട്ടുകള്‍ ഏറ്റെടുത്തിരിക്കുന്നവര്‍ തങ്ങളുടെ ജോലിയില്‍ വ്യത്യസ്തത വരുത്തുന്നതിനായി ആവശ്യപ്പെടുന്ന എല്ലാവിധ കോപ്രായങ്ങള്‍ക്കും നിന്നുകൊടുക്കാനും ഇന്നത്തെ നവദമ്പതികള്‍ തയാറുമാണ്. എന്നാല്‍ ഇതല്‍പ്പം തീക്കളിയായിപ്പോയില്ലേ എന്നാണ് ചൈനയില്‍ നിന്നുള്ള ഒരു വെഡ്ഡിംഗ് വീഡിയോ കണ്ടവര്‍ ചോദിക്കുന്നത്. എന്നാല്‍, വിവാഹചിത്രത്തിനു മിഴിവേകാനായി വധുവിന്റെ ഗൗണിന് തീ കൊളുത്തിയാലോ? വൈവിധ്യത്തിനുവേണ്ടി അപകടം വിളിച്ചുവരുത്തുന്ന ന്യൂജന്‍ വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാകുന്നത്.
ചൈനയിലാണ് സംഭവം നടന്നത്. പുഴയുടെ പശ്ചാത്തലത്തില്‍ ഫോട്ടോ എടുക്കുന്നതിനിടെയാണ് ഫോട്ടോഗ്രാഫര്‍ വ്യത്യസ്തതയ്ക്കുവേണ്ടി വധുവിന്റെ ഗൗണില്‍ തീ കൊളുത്തിയത്. പുഴയോരത്ത് ശക്തമായ കാറ്റുണ്ടായതിനാല്‍ നിമിഷങ്ങള്‍ കൊണ്ട് വസ്ത്രത്തിലേക്ക് തീജ്വാലകള്‍ ആളിപ്പടരുകയായിരുന്നു. ഫോട്ടോഗ്രാഫറുടെ സഹായി കൃത്യസമയത്ത് അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ കെടുത്തിയതിനാല്‍ വധു പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിവാഹ ഷൂട്ടിങ്ങിന്റെ വീഡിയോ ആയിരക്കണക്കിനാളുകളാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. ഇവരില്‍ പലരും ഫോട്ടോഗ്രാഫറുടെ ഈ സാഹസികതയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് ചെയ്യുന്നത്.