അടൂർ: ഇന്ത്യൻആയുധ നിർമാണ ഫാക്ടറി ഉദ്യോഗസ്ഥൻ ചമഞ്ഞ് നിരവധി സ്ത്രീകളെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയയാൾ മോഷണക്കേസിൽ പിടിയിലായി. ഓച്ചിറ പള്ളിത്തുറ ഇടശേരി കുറ്റിയിൽ ചാൾസ്ജോർജി (സോമൻ – 70) നെയാണ് ഏനാത്ത് പോലീസ് പിടികൂടിയത്.
കിളിവയലിൽ ഒരു പ്രമുഖ ഹോട്ടലിലെ ജീവനക്കാരനായി ജോലിനോക്കവേ ഹോട്ടൽ ഉടമയുടെ സ്കൂട്ടറും പണവുമായി കടന്നുകളഞ്ഞെന്ന പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതിയെ അടൂരിൽ നിന്നും ഏനാത്ത് സബ് ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ ബാഗിൽ നിന്നും കിട്ടിയരേഖകളിൽ നിന്നും ഇന്ത്യൻ ആയുധ നിർമാണശാലയിലെ ക്വാളിറ്റി കൺട്രോളർ വർക്ക് മനേജരാണെന്ന വ്യാജ തിരിച്ചറിയൽ കാർഡും ജർമനിയിൽ നിന്നും ഡോക്ടറേറ്റ് എടുത്തിട്ടുള്ളതായ വ്യാജരേഖകളും ഏനാത്ത് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പത്രപരസ്യത്തിൽ കാണുന്ന വിവാഹ പരസ്യത്തിൽ വിളിച്ച് വീട്ടുകാരുമായി ധാരണയായശേഷം വ്യാജരേഖകൾ കാട്ടി വിശ്വസിപ്പിച്ച് നിരവധി സ്ത്രീകളെ ഇയാൾ വിവാഹം കഴിച്ചിട്ടുള്ളതായി ഏനാത്ത് സബ് ഇൻസ്പെക്ടർ പറഞ്ഞു. ഒടുവിൽ വിവാഹം കഴിച്ച നെല്ലിമുകൾ സ്വദേശിയോടൊപ്പം താമസിച്ചുവരവെ ഇവരുമായി പിണങ്ങി സ്ഥലംവിടുകയായിരുന്നു.
കോട്ടയം സ്വദേശിനിയായ വനിതാ പോലീസിനെ വിവാഹം കഴിച്ചു സ്വർണവും പണവുമായി മുങ്ങുകയും തെക്കൻ കേരളത്തിലെ ഒരു ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറുമായി അടുക്കുകയും 25000 രൂപ കൈക്കലാക്കുകയും ചെയ്തു.
ഇയാൾക്കെതിരെ കടുത്തുരുത്തി, വൈക്കം, കൊച്ചി, കോട്ടയം, വട്ടപ്പാറ എന്നീ കോടതികൾ ഓരോ കേസിനും മൂന്ന് വർഷവും പതിനായിരം രൂപയും ശിക്ഷിച്ചിട്ടുള്ളതായി ഏനാത്ത് പോലീസ് അറിയിച്ചു.