മട്ടന്നൂർ(കണ്ണൂർ): മരുഭൂമിയിൽ മൊട്ടിട്ട പ്രണയത്തിനൊടുവിൽ ഫിലിപ്പീൻ കാരിക്ക് മലയാളി യുവാവ് താലി ചാർത്തി. ഒരുമാസത്തെ കാത്തിരിപ്പിനൊടുവിലാണ് കോടതിവിധിയെ തുടർന്ന് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. ചാവശേരി വട്ടക്കയം കാരാമ്പേരിയിലെ മാവിലക്കണ്ടി വീട്ടിൽ കൃഷ്ണൻ- ഗീത ദമ്പതികളുടെ മകൻ എം.കിഷോറും ( 29 ) ഫിലിപ്പീൻസിലെ ജോസഫൈനും (27) തമ്മിലാണ് വിവാഹിതരായത്.
ഒമാനിൽ ബിൽഡിംഗ് മെറ്റീയൽസിന്റെ സെ യിൽസ്മാനായി ജോലി ചെയ്യുകയാണ് കിഷോർ. ജോസഫൈന് ഒമാനിലെ ബേബി കെയറിലാണ് ജോലി. ഫേസ്ബുക്ക് വഴി ഇരുവരും പരിചയത്തിലാകുകയും പിന്നീട് നേരിൽക്കണ്ടു പ്രണയത്തിലാകുകയുമായിരുന്നു. രണ്ടുവർഷത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.
വിവാഹത്തിനായി രണ്ടുമാസം മുമ്പ് കിഷോർ ജോസഫൈനുമായി നാട്ടിലേക്ക് വരികയായിരുന്നു. എന്നാൽ, ഇന്ത്യൻ നിയമപ്രകാരം വിവാഹം കഴിക്കാൻ തടസമുണ്ടായതിനെ തുടർന്ന് കിഷോർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒരുമാസത്തിനു ശേഷം വിവാഹത്തിന് ഇരുവർക്കും കോടതി അനുമതി നൽകുകയായിരുന്നു.
ഇതേത്തുടർന്നു ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസിൽ വച്ചു ഇരുവരും വിവാഹിതരായി. തുടർന്നു വീട്ടിൽ വച്ചു കേരള ആചാരപ്രകാരം താലിയും ചാർത്തി. നാട്ടുകാരെയും ബന്ധുക്കളെയും പങ്കെടുപ്പിച്ച് സൽക്കാരവും നടത്തി. ജോസഫൈന്റെ വീട്ടുകാർക്ക് വിവാഹത്തിൽ പങ്കെടുക്കാനായില്ല.