പശ്ചിമബംഗാളിലെ നാദിയയിൽ ക്ലാസ് റൂമിൽ വിദ്യാർഥിയെ ആചാരപ്രകാരം വിവാഹം കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഹരിൻഘട്ട ടെക്നോളജി കോളജിലെ സൈക്കോളജി ഡിപ്പാർട്ട്മെന്റിലായിരുന്നു പുഷ്പഹാരം അണിയിക്കലും ഹൽദിയും ഉൾപ്പെടെയുള്ള ചടങ്ങുകൾ നടന്നത്.
മൗലാന അബ്ദുൾ കലാം ആസാദ് ടെക്നോളജിക്കു കീഴിലുള്ള കോളജാണിത്. പ്രഫ.പായൽ ബാനർജി വിവാഹ വസ്ത്രത്തിൽ അണിഞ്ഞൊരുങ്ങി ക്ലാസിലെത്തുന്നതും വിദ്യാർഥിയുടെ കഴുത്തിൽ പുഷ്പഹാരമിടുന്നതും പരസ്പരം മാലയിട്ടശേഷം മെഴുകുതിരി വെളിച്ചത്തിനുചുറ്റും ഏഴു തവണ വലംവയ്ക്കുന്നതും കാണാം.
പ്രഫസറുടെ സിന്ദൂരരേഖയിൽ വിദ്യാർഥി കുറി തൊടുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. സംഭവം വിവാദമായതോടെ വിശദീകരണവുമായി പ്രഫസർതന്നെ രംഗത്തെത്തി. ക്ലാസ് റൂമിൽ നടന്നത് യഥാർഥ വിവാഹമല്ലെന്നും അക്കാദമിക് പരിശീലനത്തിന്റെ ഭാഗമായുള്ള പഠനമാണെന്നുമാണ് പ്രഫ. പായൽ ബാനർജി പറഞ്ഞത്. അതേസമയം, സംഭവത്തെക്കുറിച്ച് മൂന്നംഗ പാനൽ അന്വേഷിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു.
യൂണിവേഴ്സിറ്റി ലെറ്റർഹെഡുള്ള പേപ്പറിൽ രണ്ടുപേരും വിവാഹിതരായെന്ന കത്തിനു താഴെ ഒപ്പുവച്ചിട്ടുണ്ട്. രണ്ടുപേരുടെ പക്ഷത്തുനിന്ന് മൂന്നു സാക്ഷികളും വിവാഹ ഉടന്പടി കരാറിൽ ഒപ്പിട്ടിട്ടുണ്ട്. സംഭവത്തിനു പിന്നാലെ വിദ്യാർഥിയുടെ മൊബൈൽഫോൺ സ്വിച്ച്ഡ് ഓഫാണ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.