വൈക്കം: ഐപിഎസ്കാരി ചമഞ്ഞ് എയർഫോഴ്സ് ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുകയും ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തു നിരവധിപ്പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവതി പോലീസ് പിടിയിലായി. കോട്ടയം കുമാരനല്ലൂർ കുക്കു നിവാസിൽ മോഹനന്റെ മകൾ ആഷിത (24) ആണ് പോലീസിന്റെ പിടിയിലായത്.
വിജിലൻസിലെ ലോ ആൻഡ് ഓർഡർ ഓഫീസറാണെന്ന് ധരിപ്പിച്ച് ഒന്നേകാൽ വർഷമായി ആഷിത പാലക്കാട് വാടകയ്ക്ക് വീടെടുത്ത് താമസിച്ചു വരികയായിരുന്നു. വീട്ടുടമയേയും പരിസരവാസികളേയും ഓട്ടോറിക്ഷ ഡ്രൈവർമാരെയുമൊക്കെ ഇവർ ഐപിഎസ് ഓഫീസറാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 10നു തലയാഴം സ്വദേശിയും എയർ ഫോഴ്സ് ഉദ്യോഗസ്ഥനുമായ അഖിൽ. കെ. മനോഹറുമായി ഇവരുടെ വിവാഹം നടന്നിരുന്നു. കഴിഞ്ഞ ദിവസം വിജിലൻസിൽ ഇവരുടെ അസിസ്റ്റന്റായി നിയമനം നൽകാമെന്ന് പറഞ്ഞ് ഇവർ മൂന്നു ലക്ഷം രൂപ കൈക്കലാക്കി കബളിപ്പിച്ച ആലത്തൂർ സ്വദേശി സാന്റോ ആഷിതയെ അന്വേഷിച്ചെത്തി പോലീസിൽ പരാതിപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.
യുവാവിന് നൽകാനുള്ള പണം തിരിച്ചു നൽകാൻ ധാരണയായെങ്കിലും വിവാഹ തട്ടിപ്പ് നടത്തിയതിന് വരന്റെ പിതാവ് യുവതിക്കെതിരെ പോലീസിൽ പരാതി നൽകി. യുവതിയുടെ മാതാപിതാക്കൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെ ഇവരെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്. യുവതിയുടെ പിതാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലത്തൂരുകാരനു പുറമെ നിരവധി പേരിൽ നിന്ന് ഇവർ ജോലി വാഗ്ദാനം നൽകി പണം വാങ്ങിയതായി പോലീസ് പറഞ്ഞു. എസ്ഐ എം.സാഹിലിന്റെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.