മരം ഒരു വരം എന്നാണല്ലോ പഴമൊഴി. എന്നാൽ, ജർമനിയിലെ ഇയുറ്റിനുള്ള 500 വർഷം പഴക്കമുള്ള ഈ വൃക്ഷം സത്യത്തിൽ ജീവിതപങ്കാളിയെ തേടുന്നവർക്കാണു വരമാകുന്നത്. ആഗ്രഹിക്കുന്ന പങ്കാളിയെ കണ്ടെത്താൻ വരമരുളുന്ന മാമരം!
ഓക്മരം പ്രണയത്തിന്റെ മരമായതിനു പിന്നിൽ ഒരു കഥയുണ്ട്. 1891ൽ നടന്ന ആ സംഭവമാണ് ഈ മരത്തിന്റെ ചരിത്രം മാറ്റിയെഴുതിയതെന്നു പറയാം. ആ കഥ ആദ്യം…
മിന്ന എന്ന പെണ്കുട്ടി ചോക്ലേറ്റ് നിർമാണത്തൊഴിലാളിയായിരുന്ന വിഹെല്മുമായി അടുപ്പത്തിലായി. എന്നാൽ, മിന്നയുടെ പിതാവ് ഈ ബന്ധത്തെ എതിർത്തു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകൾക്കുള്ള എല്ലാ സഹാചര്യങ്ങളും ഇല്ലാതാക്കി.
എന്നാൽ, മിന്നയുടെയും വിഹെൽമിന്റെയും അടുപ്പം അവിടെത്തീർന്നില്ല. കത്തുകളിലൂടെ അവർ ആശയ വിനിമയം തുടർന്നു. ഇന്നിപ്പോൾ താരമായിമാറിയിരിക്കുന്ന അതേ ഓക് മരത്തിന്റെ പൊത്തിലായിരുന്നു അവർ തങ്ങളുടെ കത്തുകൾ സൂക്ഷിച്ചിരുന്നത്.
എന്നാൽ, അപ്രതീക്ഷിതമായി മിന്നയുടെ പിതാവ് മരപ്പൊത്തിൽനിന്ന് കത്തുകൾ കണ്ടെത്തി. പക്ഷേ, വലിയ പ്രശ്നമുണ്ടാകുമെന്നു കരുതിയവരെയെല്ലാം ഞെട്ടിച്ച് അദ്ദേഹം മിന്നയുടെയും വിഹെൽമിന്റെയും വിവാഹത്തിനു സമ്മതം മൂളി. തങ്ങളുടെ സ്നേഹത്തിനു കാവൽ നിന്ന ഓക് മരച്ചുവട്ടിൽവച്ചായിരുന്നത്രേ ഇരുവരും വിവാഹിതരായത്.
എന്തായാലും അന്നുമുതൽ ഓക് മരം, സ്നേഹിക്കുന്നവരുടെ ഇഷ്ടമരമായി മാറുകയായിരുന്നു.
ജീവിതപങ്കാളിയെക്കുറിച്ചു മനസിലുള്ള സങ്കൽപ്പങ്ങളും ഇഷ്ടങ്ങളും വിവരിച്ച് ആളുകൾ കത്തെഴുതി ഇയുറ്റിനിലെ ഈ ഓക് വൃക്ഷത്തിന്റെ മരപ്പൊത്തിലിടുന്നതു പിന്നീടങ്ങോട്ടു പതിവായി. മരം കാണാൻ വരുന്നവർ മരപ്പൊത്തിൽനിന്നു തനിക്കു ചേരുന്നതെന്നു തോന്നുന്ന ആളുടെ കത്തെടുത്ത് മടങ്ങും. മറുപടിക്കത്തെഴുതാൻ…
നൂറ്റാണ്ടുകളായി ഈ പതിവു തുടരുന്നു. ഓക് മരവും അതിന്റെ മരപ്പൊത്തുമൊക്കെ കീർത്തി നേടിയതോടെ കുറച്ച് വർഷങ്ങൾക്കു മുന്പ് ജർമൻ പോസ്റ്റൽ വകുപ്പ് മരത്തിനു പോസ്റ്റൽ കോഡ് സഹിതമുള്ള മേൽവിലാസം നൽകി. അതു മാത്രമല്ല ,ഓക് വൃക്ഷത്തിനു വരുന്ന കത്തുകൾ ശേഖരിച്ചു മരപ്പൊത്തിലിടാൻ മാത്രമായി ഒരു പോസ്റ്റ്മാനെയും നിയമിച്ചു.
ഇഷ്ടപങ്കാളിയെ കണ്ടെത്താൻ ഒട്ടേറെ ഡേറ്റിംഗ് ആപ്പുകളും സൈറ്റുകളുമുള്ള ഇക്കാലത്തും മരമുത്തശിക്കു വരുന്ന കത്തുകൾക്ക് ഒട്ടും കുറവില്ലത്രേ. മരപ്പൊത്തിൽനിന്നു ലഭിച്ച കത്തിലൂടെ പരിചയപ്പെട്ട് ഒരുമിച്ചു ജീവിതം തുടങ്ങിയവർ നന്ദിയറിയിച്ചു മരം കാണാൻ വീണ്ടുമെത്തുന്നതും പതിവാണ്. ചിലർ വർഷങ്ങൾക്കു ശേഷം കുട്ടികളുമായാണ് എത്താറുള്ളത്. എന്നിട്ട് തങ്ങളെ ഒന്നിപ്പിച്ച ആ മരപ്പൊത്ത് ആവേശപൂർവം അവർ മക്കൾക്കു കാട്ടിക്കൊടുക്കാറുമുണ്ട്.