മേലുദ്യോഗസ്ഥൻ വിവാഹ അവധി നിഷേധിച്ചതിനെ തുടർന്നു ഇന്ത്യാക്കാരായ വധൂവരന്മാർ വീഡിയോ കോളിലൂടെ വിവാഹം കഴിച്ചു. തുർക്കിയില്‍ ജോലി ചെയ്യുന്ന ഛത്തീസ്ഗഡിലെ ബിലാസ്പുർ സ്വദേശിയായ വരനും ഹിമാചൽ പ്രദേശ് സ്വദേശിയായ വധുവും തമ്മിലായിരുന്നു കൗതുകമുണർത്തിയ കല്യാണം.
വരനായ അദ്നാൻ മുഹമ്മദ് വിവാഹത്തിനായി ഇന്ത്യയിലേക്ക് പോകാനാണ് അവധി ആവശ്യപ്പെട്ടത്. തുർക്കിക്കാരനായ മേലുദ്യോഗസ്ഥൻ നിഷ്കരുണം അവധി നിരസിച്ചു. ഇതോടെ തീരുമാനിച്ചുറപ്പിച്ച സമയത്ത് കല്യാണം നടക്കില്ലെന്നു വന്നു. എന്നാൽ, തന്റെ പേരക്കുട്ടിയുടെ വിവാഹത്തിന് സാക്ഷിയാകണമെന്ന വധുവിന്റെ രോഗിയായ മുത്തച്ഛന്റെ ആഗ്രഹം പരിഗണിച്ച് വിവാഹം നിശ്ചയിച്ച തീയതിയിൽതന്നെ നടത്താൻ ഇരുവീട്ടുകാരും തീരുമാനിച്ചു. തുടർന്നാണു വീഡിയോ കോളിലൂടെ വിവാഹ ചടങ്ങ് നടത്താൻ തീരുമാനിച്ചത്.
വരന് തുര്‍ക്കിയിൽതന്നെ നിന്നെങ്കിലും വരന്റെ കുടുംബം ബിലാസ്പുരിൽനിന്നു വധുവിന്റെ നാടായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിലെത്തി. അവിടെവച്ച് ഒരു ഖാസിയുടെ നേതൃത്വത്തിൽ വീഡിയോ കോൾ വഴി വിവാഹച്ചടങ്ങുകൾ നടത്തുകയായിരുന്നു. ലോകമെങ്ങും കോവിഡ് രോഗവ്യാപനം ഉണ്ടായപ്പോൾ ഇത്തരം വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.