പരമ്പരാഗത രീതികളിൽ നിന്ന് ഒരുപാട് വിഭിന്നമായാണ് ഇന്നത്തെ കാലത്ത് വിവാഹങ്ങൾ നടക്കുന്നത്. വരൻ വധുവിനെ താലി ചാർത്തിയ ശേഷം പുടവ നൽകുന്ന സമയം വധു തന്റെ പങ്കാളിയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചടങ്ങ് ഇന്നും പല സ്ഥലങ്ങളിലും നിലനിന്നു പോകുന്നു. വരനും അതുപോലെ തിരിച്ച് ചെയ്തെങ്കിലോ? ചിന്തിച്ചിട്ടുണ്ടോ?
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വിവാഹ വീഡിയോയിലാണ് വരൻ തന്റെ വധുവിന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്നത്. സംഭവം വേഗത്തിൽ വൈറലായി. പരമ്പരാഗതമായ ഒരു ഹിന്ദു വിവാഹചടങ്ങാണ് വീഡിയോയിൽ കാണുന്നത്.
ആദ്യം വധു വരന്റെ കാലിൽ തൊട്ട് നമസ്കരിക്കുന്നു. വധുവിനെ എഴുന്നേൽപ്പിച്ച ശേഷം വരൻ വധുവിന്റെ കാലിൽ തൊട്ട് നമസ്കരിക്കുന്ന കാഴ്ചയാണ് തൊട്ട് പിന്നാലെ കാണുന്നത്. ചുറ്റുമുണ്ടായിരുന്ന കുടുംബാംഗങ്ങൾ ആരും തന്നെ വരന്റെ ഭാഗത്തു നിന്നും ഇത്തരത്തിൽ ഒരു പ്രതികരണം ഉണ്ടാകുമെന്ന് ഓർത്തില്ല. കൂടയുള്ളവർ എല്ലാവരും വരന്റെ അപ്രതീക്ഷിത പെരുമാറ്റത്തിൽ സന്തോഷവും അഭിമാനവുമുള്ളവരായി എന്ന് വീഡിയോയിൽ നിന്നു മനസിലാക്കാം. എല്ലാവരും കൈകൊട്ടിയും അഭിനന്ദിച്ചും വരന്റെ പ്രവർത്തിയെ സ്വാഗതം ചെയ്തു.
‘വിവാഹത്തിലെ പീക്ക് മൊമന്റ്. സമൂഹത്തിൽ നിന്നും ഒരുപാട് വിമർശനങ്ങളും ഇതിന്റെ പേരിൽ നേരിടേണ്ടി വന്നു. എന്നാൽ, ഞാനാരുടേയും വീക്ഷണങ്ങളെയോ ആചാരങ്ങളെയോ തകർക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാനെന്താണോ ചെയ്തത്, അത് തന്നെയാണ് സംഭവിച്ചത്. അതെന്റെ ഭാര്യയോടുള്ള ബഹുമാനം കൊണ്ടാണ് ഞാൻ ചെയ്തത്. വിവാഹത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങൾ എന്ന രീതിയിലാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്. എന്റെ എല്ലാ സുഹൃത്തുക്കളും ബന്ധുക്കളും അതിൽ പങ്കാളികളായിരുന്നു.’എന്ന് കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
ഇതുപോലെ ഒരു കുടുംബത്തിൽ എത്തപ്പെട്ട വധു ലോകത്തിലെതന്നെ ഏറ്റവും ഭാഗ്യമുള്ള സ്ത്രീ ആണെന്ന് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. എന്നാൽ ഇതിനെ വിമർശിക്കുന്നവും ഇല്ലാതില്ല.