ഹത്രാസ്: വിവാഹവേദിയിൽ വച്ച് വധുവിന് ഒരു യുവാവ് തോക്ക് കൈമാറുന്നു. വധു ആ തോക്ക് കൊണ്ട് നാലുതവണ വെടിയുതിർക്കുന്നു.
വരൻ ഉൾപ്പെടെ അമ്പരന്നു നിൽക്കുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഉത്തർപ്രദേശിലെ ഹത്രാസ് ജംഗ്ഷൻ ഏരിയയിലെ സേലംപുർ ഗ്രാമത്തിലെ ഒരു ഗസ്റ്റ് ഹൗസിലാണ് ഈ വിവാഹച്ചടങ്ങ് നടന്നതെന്നാണ് വിവരം.
വരനും വധുവും പരസ്പരം മാലകൾ അണിയിച്ചതിന് പിന്നാലെയാണ് തോക്ക് കൈമാറിയതും വധു വെടിയുതിർത്തതും. വധുവിന്റെ കുടുംബത്തിൽനിന്നുള്ള ആളാണ് വധുവിന് തോക്ക് കൈമാറിയതെന്നാണ് കരുതുന്നത്.
വെടിയുതിർത്തശേഷം വധു തോക്ക് തിരികെ നൽകുന്നു. ആരോ ചിരിക്കുന്ന ശബ്ദവും വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാം. എന്താണ് നടന്നതെന്നു വ്യക്തമല്ല.
തമാശയാണെങ്കിലും വരൻ ഉൾപ്പെടെ ഞെട്ടിത്തരിച്ചു നിൽക്കുന്നത് വീഡിയോയിൽ കാണാം. സംഭവത്തിന് പിന്നാലെ വധുവിനെ പോലീസ് അന്വേഷിക്കുന്നതായും റിപ്പോർട്ടുണ്ട്.