തളിപ്പറമ്പ്: വിവാഹത്തിന് ബന്ധുക്കളും സുഹൃത്തുക്കളും നല്കുന്ന സ്വര്‍ണവും മറ്റ് സമ്മാനങ്ങളും ലഭിക്കുന്നതിനാണ് കാമുകനോടൊപ്പം പോകുന്നത് വിവാഹദിവസത്തേക്ക് മാറ്റിയതെന്ന് കഴിഞ്ഞ ദിവസം വിവാഹിതയായ ശേഷം വരന്റെ വീട്ടില്‍ കയറാതെ കാമുകന്റെ കൂടെ പോയ നവവധു പോലീസിനോട് പറഞ്ഞു. ഇന്നലെ രാവിലെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു പയ്യന്നൂർ സ്വദേശിയായ യുവതിയുടെ വെളിപ്പെടുത്തല്‍.
നേരത്തെ ഒരു ട്രെയിന്‍ യാത്രക്കിടെ പട്ടാമ്പി സ്വദേശിയായ കാമുകനും യുവതിയും തമ്മില്‍ ട്രെയിനിനകത്ത് വെച്ച് പരസ്പരം മാലചാര്‍ത്തി വിവാഹം നടത്തിയിരുന്നു. ഇതിന്റെ വീഡിയോയാണ് വിവാഹം കഴിഞ്ഞ് വരനോടൊപ്പം വീട്ടിലേക്ക് പോകവെ കാമുകന് വരന്റെ മൊബൈലിലേക്ക് മെസെഞ്ചര്‍ മുഖേന അയച്ചത്.
കാമുകനുമായി ആലോചിച്ച് തികച്ചും ആസൂത്രിതമായിട്ടായിരുന്നു യുവതിയുടെ ഓരോ നീക്കങ്ങളും. വിവാഹം നടക്കുന്നതിന്റെ അരമണിക്കൂര്‍ മുമ്പ് പോലും കാമുകനുമായി സല്ലപിച്ചിരുന്നതായി പോലീസിനോട് സമ്മതിച്ചു. ഞായറാഴ്ച്ച വൈകുന്നേരം പോലീസ് സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ടിട്ടും യുവതിക്ക് യാതൊരുവിധ പതര്‍ച്ചയും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
കാമുകനും കുടുംബവും രാവിലെ തന്നെ തളിപ്പറമ്പ് പോലീസിന്റെ നിര്‍ദ്ദേശപ്രകാരം സ്റ്റേഷനിലെത്തിയിരുന്നു. പ്രശ്നം പോലീസ് സ്റ്റേഷനിലെത്തുമെന്ന് യുവതി കരുതിയിരുന്നില്ലത്രേ. വീട്ടില്‍ കയറാതെ ബന്ധുക്കളോടൊപ്പം തിരിച്ചുപോയി രാത്രിയില്‍ കാമുകനോടൊപ്പം സ്വര്‍ണവുമായി ഒളിച്ചോടാനുള്ള പരിപാടിയായിരുന്നു ആസൂത്രണം ചെയ്തിരുന്നതത്രേ.
വരൻ അണിയിച്ച താലിമാല ഉള്‍പ്പെടെ അങ്ങനെ സ്വന്തമാക്കാമെന്നും കരുതിയിരുന്നതായി യുവതി പോലീസിനോട് സമ്മതിച്ചു. എന്നാല്‍ പോലീസ് സ്റ്റേഷനിലേക്ക് കാര്യങ്ങളെത്തിയതോടെ തിരിച്ചുപോകുന്നുവെങ്കില് താലിമാല തിരികെ തരണം എന്ന ആവശ്യം യുവതിക്ക് സമ്മതിക്കേണ്ടി വന്നു. വിവാഹം നിശ്ചയിച്ചതിന് ശേഷവും കാമുകനുമായും ഭാവി ഭര്‍ത്താവുമായും ഫോണ്‍ വഴി നിരന്തരമായി യുവതി ബന്ധപ്പെട്ടിരുന്നു.
യുവതി തന്നെയാണ് വരന്റെ മൊബൈലിലേക്ക് ട്രെയിനിലെ വിവാഹ വീഡിയോ അയച്ചുകൊടുക്കാന്‍ പറഞ്ഞതെന്ന് പട്ടാമ്പിക്കാരനായ കാമുകന് പോലീസിനോട് പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെയാണ് യുവതി പോലീസ് സ്റ്റേഷനില്‍ നിന്നും കാമുകനോടൊപ്പം പോയത്. യുവതിയുടെ വീട്ടുകാരോ ബന്ധുക്കളോ എത്തിയിരുന്നില്ല.
എന്നാല്‍ വിവാഹത്തിന് ഭാരിച്ച പണം ചെലവഴിക്കുകയും വധു വിവാഹദിവസം തന്നെ തിരിച്ചുപോകുകയും ചെയ്ത ഷോക്കിലാണ് വരനും ബന്ധുക്കളും. വീട്ടുകാര്‍ യുവതിയെ ഉപേക്ഷിച്ചതിനാല്‍ വരന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും തങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം ഈടാക്കികിട്ടുന്നതിനായി വധുവിന്റെ വീട്ടുകാരുമായി മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.