വളർത്തുനായ്ക്കളോട് സ്നേഹമുള്ളവർക്ക് ചിലപ്പൊഴൊക്കെ അവരെ പിരിഞ്ഞിരിക്കാൻ പോലും സാധിച്ചെന്നു വരില്ല. അത്തരത്തിലാണ് അവരുമായി മാനസികമായി അടുത്തു പോകുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തത്തിൽ താൻ ഏറെ സ്നേഹിക്കുന്ന വളർത്തുനായയുടെ സാന്നിധ്യം ഉണ്ടാകില്ലെന്നറിഞ്ഞ് വിഷമിച്ച ഒരാൾ ആ വിഷമം അകറ്റിയ സംഭവമാണ് ഇപ്പോൾ വൈറലായി മാറുന്നത്.
ന്യൂയോർക്ക് സ്വദേശിയായ ഹില്ലരി ബൗൾസിന്റെ വിവാഹദിനത്തിലായിരുന്നു അവരെ അന്പരപ്പിച്ച സംഭവം നടന്നത്. ഇവർ ജീവനു തുല്യം സ്നേഹിക്കുന്ന ലിയോ എന്ന് പേരുള്ള വളർത്തുനായക്ക് വിവാഹദിനത്തിൽ തന്റെ ഒപ്പം വരാൻ കഴിയില്ലന്നറിഞ്ഞപ്പോൾ ഇവർ സങ്കടത്തിലാഴുകയായിരുന്നു. കാരണം ഹില്ലരിയുടെ വീട്ടിൽ നിന്നും വളരെ അകലെയായിരുന്നു വിവാഹം നടക്കുന്ന സ്ഥലം. അതുകൊണ്ട് ലിയോയെയും കൂടെ കൊണ്ടുപോയാൽ ശരിയാകില്ലന്ന് അവളുടെ അച്ഛൻ തീരുമാനിക്കുകയായിരുന്നു.
പക്ഷെ വിവാഹദിനത്തിൽ ഹില്ലരി ഞെട്ടിപ്പോയി. കാരണം തന്റെ തൊട്ടുമുന്നിൽ നിൽക്കുന്നു പ്രിയപ്പെട്ട ലിയോ. പക്ഷെ അത് ലിയോയുടെ വലിയ ഫോട്ടോ ആയിരുന്നു. കാർഡ് ബോർഡ് രൂപത്തിലുള്ള ലിയോയുടെ തിളങ്ങുന്ന രൂപമായിരുന്നു അത്. ഹില്ലരിയുടെ വിഷമം അവസാനിപ്പിക്കാൻ അച്ഛൻ കണ്ടുപിടിച്ച മാർഗമായിരുന്നു അത്. അതോടെ വരനെക്കാളും വധുവിനെക്കാളും ഹീറോ ആകുകയായിരുന്നു ഹില്ലരിയുടെ അച്ഛൻ.
വിവാഹദിനത്തിലെ ചിത്രങ്ങൾ പകർത്തിയ ലൈഡിയ റൂത്ത് എന്ന ഫോട്ടോഗ്രാഫർ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ പങ്കുവെച്ചതിനെ തുടർന്ന് വൈറലാകുകയായിരുന്നു. ആദ്യം വിഷമിപ്പിച്ചുവെങ്കിലും അച്ഛൻ തന്ന സമ്മാനത്തിൽ ഞാൻ മതിമറന്നു സന്തോഷിച്ചു എന്നാണ് ഹില്ലരി പറയുന്നത്.