വരനെ ആവശ്യമുണ്ട് വധുവിനെ ആവശ്യമുണ്ട്. പത്രപരസ്യം നോക്കാനായി കാത്തിരുന്ന ഞായാഴ്ചകളുടെ ഒരു കാലമുണ്ടായിരുന്നു നമുക്ക്. എന്നാൽ കാലം പുരോഗമിച്ചതോടെ മാട്രിമോണികളുടെ മറ്റൊരു യുഗം പിറന്നു. ഒറ്റ ക്ലിക്കിൽ ലോകത്തെവിടെയുമുള്ള കല്യാണം നോക്കുന്ന ആളുകളുടെ മുഴുവൻ വിവരങ്ങളും സ്കീനിൽ പ്രത്യക്ഷമാകും.
അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു വിവാഹ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വരനെ ആവശ്യമുണ്ടെന്ന് കാണിച്ച് എഴുതിയ പ്ലേക്കാർഡും പിടിച്ച് മുംബൈ താജ് ഹോട്ടലിന് മുന്നില് നില്ക്കുന്ന മുംബൈ സ്വദേശിനിയായ 29 കാരി സയാലി സാവന്ത് ആണ് വീഡിയോയിൽ ഉളളത്. താജ് ഹോട്ടൽ മാത്രമല്ല മറൈൻ ഡ്രൈവ്, ഗേറ്റ്വേ ഓഫ് ഇന്ത്യ തുടങ്ങിയ മുംബൈയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം സയാലി ബയോഡാറ്റ പ്രദർശിപ്പിച്ച ബോർഡുമായി നില്ക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
വീഡിയോ വൈറലായതോടെ യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച് പലരും രംഗത്തെത്തി. പൊതു ഇടങ്ങളിൽ ഇത്തരമൊരു പ്രവൃത്തി ചെയ്യാൻ കാണിക്കുന്ന ധൈര്യം സമ്മദിച്ചു കുട്ടീ എന്നാണ് വീഡിയോ കണ്ട പലരും കുറിച്ചത്. ദേ ഞാൻ റെഡി ആണ് എന്ന് കമന്റ് ചെയ്ത വിരുതൻമാരും കുറവല്ല.