അനുമോൾ ജോയ്
വിവാഹ ആഘോഷങ്ങൾക്കിടയിൽ കൗതുകമൊരുക്കുന്നതിൽ മലബാറുകാർ ഒട്ടും പിന്നിലല്ല.
എന്നാൽ, ചിലപ്പോൾ ഈ കൗതുകങ്ങൾ കാര്യമാകാറും ഉണ്ട്. കോവിഡ് ചൂടുപിടിക്കുന്നതിന് മുന്പ് കണ്ണൂർ സിറ്റിയിലെ ഒരു മുസ്ലിം വിവാഹമാണ് അവസാനം പൊല്ലാപ്പായി മാറിയത്.
നിക്കാഹ് കഴിഞ്ഞ് വധുവിനെയും കൂട്ടി വധുവിന്റെ വീട്ടുകാർ വരന്റെ വീട്ടിലെത്തി. എന്നാൽ, അവിടെയെത്തിയപ്പോൾ വരനെ കാണാനില്ല.
കൂട്ടുകാരുമൊത്ത് എവിടെയെങ്കിലും പോയതാണെന്ന് കരുതി ആദ്യമൊന്നും കാര്യമാക്കിയില്ല.
എന്നാലും സ്വന്തം വിവാഹമല്ലേ.. പുതുപെണ്ണ് വീട്ടിലെത്തുമ്പോൾ പുയ്യാപ്ല ഇവിടെ വേണ്ടേയെന്ന് വധുവിന്റെ വീട്ടുകാർ അടക്കം പറയാൻ തുടങ്ങി.
ഇത് കേട്ട് എന്ത് പറയണമെന്ന് അറിയാതെ വരന്റെ വീട്ടുകാരും. സമയം വൈകുംതോറും വീട്ടുകാർ എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥ.
ഫോൺ വിളിച്ചിട്ട് സ്വിച്ച് ഓഫ്. അറിയാവുന്ന കൂട്ടുകാരുടെ നമ്പർ തപ്പി പിടിച്ച് വിളിച്ചപ്പോൾ അവരും ഫോൺ എടുക്കുന്നില്ല.
മണിക്കൂറുകൾ പിന്നിട്ടിട്ടും വരനെക്കുറിച്ചുയാതൊരു വിവരവും ഇല്ല. വീട്ടുകാരുടെയും നാട്ടുകാരുടെയും അടക്കി പിടിച്ച സംസാരം കേട്ട് വധു കരയാൻ തുടങ്ങി.
ശവപ്പെട്ടി ചുമന്ന് ചങ്ങായിമാർ !
വീടിനുള്ളിൽ വധുവിന്റെ കരച്ചിൽ അടക്കാൻ വീട്ടുകാർ പാടുപെടുമ്പോഴാണ് വിവാഹ വീട്ടിലേക്ക് ശവപ്പെട്ടിയും ചുമന്ന് വരന്റെ കൂട്ടുകാർ എത്തിയത്. ഇതുകണ്ടവരെല്ലാം ഞെട്ടി.
എന്താണ് സംഭവമെന്ന് ആർക്കും പിടികിട്ടിയില്ല. കൂടി നിന്നവരൊക്കെ മുറുമുറുക്കാൻ തുടങ്ങി. കൂട്ടുകാരുടെ മുഖത്ത് നിറയെ സങ്കടം.
കുറച്ച് കൂട്ടുകാർ മാറി നിന്നു കണ്ണീർ വാർക്കുന്നു. അപ്പോഴേക്കും ഇവർ ചുമന്നുകൊണ്ടുവന്ന ശവപ്പെട്ടി വീടിന്റെ മുന്നിൽ കൊണ്ടു വന്ന് ഇറക്കി വച്ചു.
ശവപ്പെട്ടിയുടെ അടപ്പ് തുറന്നപ്പോഴുണ്ട് മൂക്കിൽ പഞ്ഞിയും തലയിൽ കെട്ടും കൈകൾ കൂട്ടി കെട്ടി ശവപ്പെട്ടിക്കുള്ളിൽ വരൻ.
ഇതു കണ്ട വരന്റെ ബന്ധുക്കൾ അലമുറയിട്ട് കരയാൻ തുടങ്ങി. ഉമ്മയും സഹോദരിമാരും ശവപ്പെട്ടിക്ക് ചുറ്റും ഇരുന്ന് കരച്ചിൽ തുടങ്ങി.
ഇതു കണ്ട വധു ബോധം കെട്ടു വീണു. ഏറെ സ്വപ്നങ്ങളുമായി ഒത്തിരി പ്രതീക്ഷയോടഐത്തിയ വധു കാണുന്നത് വരന്റെ മൃതദേഹം. ഇങ്ങോട്ട് വരുന്ന വഴി അപകടം സംഭവിച്ചതാണെന്നുകൂട്ടുകാർ വിതുമ്പി പറഞ്ഞു..
ശവപ്പെട്ടിയിൽനിന്നും വരന്റെ അനക്കം
കൂട്ടകരച്ചിലുമായി ഇങ്ങനെ അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഒരു കാരണവർ മൃതദേഹത്തിന് അനക്കം കണ്ടെത്തിയത്.
ഉടൻ അടുത്തുള്ളവരോട് പറഞ്ഞപ്പോൾ അവരും അനക്കം കണ്ടു. അവര് കണ്ടുപിടിച്ചെന്ന് അറിഞ്ഞതോടെ ഇത്ര നേരം ചുണ്ടുപിളർത്തി കരഞ്ഞോണ്ട് നിന്ന കൂട്ടുകാർ ചുറ്റും കൂടി പൊട്ടിച്ചിരിയായി.
കാര്യം എന്താണെന്ന് മനസിലാക്കാൻ ചുറ്റം കൂടി നിന്നവർക്ക് കുറച്ച് സമയം എടുക്കേണ്ടിവന്നു. വിവാഹത്തിന് കൂട്ടുകാർ ഒപ്പിച്ച പണിയായിരുന്നു.
ബാക്കിയുള്ളവരുടെ കല്യാണത്തിന് മുൻപന്തിയിൽനിന്ന് പണികൊടുക്കുന്ന കൂട്ടുകാരനെ എങ്ങനെ വെറൈറ്റിയായിട്ട് പണികൊടുക്കാം എന്ന ആലോചനയിൽ കൂട്ടുകാരുടെ കുരുട്ട് ബുദ്ധിയിൽ തെളിഞ്ഞ ചെറിയൊരു വലിയ പണിയാണിത്.
കല്യാണം കളറാക്കാൻ വരന്റെ സപ്പോർട്ട് കൂടെയായപ്പോൾ പിന്നെ എല്ലാം സെറ്റായി. ശവപ്പെട്ടിയിൽനിന്ന് എഴുന്നേറ്റ് വന്ന വരനായിരുന്നു പിതാവിന്റെ ആദ്യ തല്ല്.
പിന്നെ കൂടെ നിന്ന കൂട്ടുകാർക്കും. മകന്റെ തമാശകൾക്കെല്ലാം കൂട്ടുനിന്ന പിതാവിന് ഈ തമാശയത്രയങ്ങ് ബോധിച്ചില്ല.
അപ്പോഴേക്കും കല്യാണ വീട്ടിലെ അലങ്കോലങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയായിൽ പ്രചരിപ്പിച്ചിരുന്നു.
ഇത് കണ്ട യൂത്തൻമാർ ലൈക്കും കമന്റുംകൊണ്ട് മൂടുമ്പോഴും ഈ ആഭാസങ്ങൾ താങ്ങാൻ പറ്റാത്ത ചിലർ ചീത്തവിളികളുമായി അഭിഷേകം നടത്തുണ്ടായിരുന്നു.
വരനെയും കൂട്ടുകാരെയും ശകാരവർഷം കൊണ്ട് തലമൂത്ത കാർന്നവർ മൂടുമ്പോഴും തന്റെ പ്രിയതമൻ മരണപെട്ടുവെന്ന് വിശ്വസിച്ച വധു അപ്പോഴും ആശുപത്രിയിൽ ബോധം വരാതെ കിടക്കുകയായിരുന്നു.
രണ്ട് ദിവസം കഴിഞ്ഞാണ് വധു നോർമൽ ആയത്. അപ്പോൾ മാത്രമാണ് തങ്ങൾ ചെയ്ത കാര്യത്തിന്റെ ഗൗരവം വരനും സുഹൃത്തുക്കൾക്കും മനസിലായത്.
(തുടരും)