സ്വന്തം ലേഖകൻ
തിരുവനന്തപുരം: അകക്കണ്ണിന്റെ വെളിച്ചത്തിൽ കാഴ്ചപരിമിതരായ രവികുമാറും സുജാതയും പരസ്പരം വരണമാല്യം ചാർത്തി.
വരനേയും വധുവിനേയും പരസ്പരം വിവാഹമാല്യം അണിയിക്കാൻ ബന്ധുക്കൾ സഹായികളായി.
യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക രജത ജൂബിലിയോടനുബന്ധിച്ച് നിർധന യുവതികളുടെ വിവാഹ പദ്ധതിയുടെ ഭാഗമായുള്ള 35-ാമത് വിവാഹമാണ് എകെജി സെന്ററിനു സമീപത്തെ ഹസൻമരക്കാർ ഓഡിറ്റോറിയത്തിൽ ഇന്നലൈ നടത്തിയത്.
ആറ്റിങ്ങൽ സ്വദേശിയായ വരൻ രവികുമാർ കാഴ്ച പരിമിതനാണ്. വധു സുജാത മലപ്പുറം താളൂർ സ്വദേശിനിയും.
ഹൈന്ദവ ആചാര പ്രകാരം നടത്തിയ വിവാഹ ചടങ്ങിന് പൂജാരി കാർമികനായി.
വിവാഹശേഷം വധൂവരന്മാരെ മെത്രാപ്പൊലീത്ത അനുഗ്രഹിക്കുകയും വിവിധ സംഘടനകൾ തയാറാക്കിയ വിവാഹ സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.
വിവാഹ സദ്യയും ഒരുക്കിയിരുന്നു. സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രൽ വികാരി ഫാ. ഫെവിൻ ജോ, കൊച്ചി ഭദ്രാസന അരമന മാനേജർ ഫാ. ജോഷി മാത്യു,
സഭാ സെക്രട്ടറി പീറ്റർ കെ. ഏലിയാസ്, വൈഎംസിഎ പ്രസിഡന്റ് ഡോ. കോശി എം. ജോർജ്, യാക്കോബായ യൂത്ത് അസോസിയേഷൻ ഭാരവാഹികളായ ജോസ് സ്ലീബാ, ബൈജു മാത്താറ തുടങ്ങിയവർ പങ്കെടുത്തു.