വിവാഹാഘോഷം ആഡംബരമാക്കാൻ ആഗ്രഹിക്കുന്നവർക്കായി സർണത്തിൽ തയാറാക്കുന്ന ക്ഷണക്കത്തുകൾ റെഡി. ഉത്തർപ്രദേശിൽ ഫിറോസാബാദിലെ ലാലാ രവീന്ദ്ര നാഥ് കനയ്യ ലാൽ സറാഫ എന്ന കടയുടെ ഉടമ ലക്കി ജിൻഡാലാണു വിലപിടിപ്പുള്ള വിവാഹക്ഷണക്കത്തുകൾ തയാറാക്കി നൽകുന്നത്.
ഒരു സ്വർണവ്യാപാരിക്കു ലക്കി നിർമിച്ചു നൽകിയ ക്ഷണക്കത്ത് ഇതിനകം വൈറലായി. ഇതിലെ അക്ഷരങ്ങള്‍ സ്വർണവും വെള്ളിയും ഉപയോഗിച്ചാണു തയാറാക്കിയിരിക്കുന്നത്.
ഗുണനിലവാരം ഉറപ്പാക്കാൻ ശുദ്ധമായ സ്വർണവും വെള്ളിയും ഉപയോഗിച്ചാണ് ഓരോ കാര്‍ഡും നിർമിക്കുന്നതെന്നു ലക്കി ജിൻഡാൽ അവകാശപ്പെട്ടു. സാധാരണയായി ആളുകള്‍ വിവാഹ ക്ഷണക്കത്തുകള്‍ വായിച്ചശേഷം കളയുകയാണു പതിവ്. എന്നാല്‍ താന്‍ പുറത്തിറക്കിയ കാർഡ് ആളുകള്‍ കളയില്ലെന്നു ലക്കി പറയുന്നു.
10,000 രൂപ മുതൽ 11 ലക്ഷം രൂപ വരെ വിലയുള്ള വിവാഹ ക്ഷണക്കത്തുകള്‍ ലക്കിയുടെ കടയില്‍ ലഭ്യമാണ്. വിവാഹ സീസൺ അടുക്കുന്നതിനാല്‍ ധാരാളം ഓർഡറുകൾ ലഭ്യമായി തുടങ്ങിയെന്നും അദ്ദേഹം പറയുന്നു.