കൊച്ചി: സ്വതന്ത്രജീവിതം ആസ്വദിക്കാനാവാത്ത ദുരാചാരമായാണു പുതിയ തലമുറ വിവാഹത്തെ കാണുന്നതെന്ന് ഹൈക്കോടതി.
ഗുഡ്ബൈ പറഞ്ഞു വേര്‍പിരിയാന്‍ കഴിയുന്ന തരത്തിലുള്ള ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ നാട്ടില്‍ വര്‍ധിച്ചു വരികയാണെന്നും എന്തും ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പുത്തന്‍ ഉപഭോക്തൃ സംസ്കാരം വിവാഹബന്ധങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നും ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.
ഭാര്യ ക്രൂരമായി പെരുമാറുന്നെന്ന് ആരോപിച്ച് ആലപ്പുഴ സ്വദേശിയായ യുവാവ് വിവാഹ മോചനം ആവശ്യപ്പെട്ടു നല്കിയ ഹര്‍ജി തള്ളിയാണ് ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
വഴിവിട്ട ബന്ധത്തിനുവേണ്ടി ഭാര്യയെയും മക്കളെയും ഉപേക്ഷിക്കാന്‍ കോടതിയുടെ സഹായം തേടാനാവില്ലെന്നു പറഞ്ഞാണ് ഹൈക്കോടതി വിവാഹബന്ധങ്ങള്‍ ശിഥിലമാകുന്നതിലുള്ള ആശങ്ക പങ്കുവച്ചത്.
കലഹിക്കുന്ന ദമ്പതികളും ഉപേക്ഷിക്കപ്പെട്ട കുട്ടികളും ആശ്രയമില്ലാതായിത്തീരുന്ന വിവാഹമോചിതരും വര്‍ധിക്കുന്നതോടെ സമൂഹത്തിന്റെ ശാന്തത നഷ്ടമാകുമെന്നും പുരോഗതിയെ തടസപ്പെടുത്തുമെന്നും ഡിവിഷന് ബെഞ്ച് മുന്നറിയിപ്പു നല്കി.
യുവാവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന ഭാര്യയുടെ വാദം അംഗീകരിച്ച് നേരത്തെ ആലപ്പുഴ കുടുംബക്കോടതി വിവാഹമോചന ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരേയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.