കലഹണ്ടി: ഒഡീഷയിലെ കലഹണ്ടി ജില്ലയിലുള്ള നർലയിൽ 32 കാരൻ, ഭാര്യയുടെ അനുമതിയോടെ ഭിന്നലിംഗ യുവതിയെ വിവാഹം ചെയ്തു.
യുവാവിന്റെ ഭാര്യ വിവാഹം അംഗീകരിക്കുക മാത്രമല്ല, ട്രാൻസ്വുമണിനൊപ്പം ഒരേ വീട്ടിൽ താമസിക്കാൻ സമ്മതിക്കുകയും ചെയ്തു. രണ്ട് വയസുള്ള കുട്ടിയുടെ പിതാവാണ് കഥയിലെ നായകൻ.
കഴിഞ്ഞ വർഷം റായഗഡ ജില്ലയിലെ അംബഡോലയിൽ തെരുവിലാണ് യുവാവ് ഭിന്നലിംഗ യുവതിയെ കണ്ടുമുട്ടുന്നത്.
യുവതി തെരുവിൽ ഭിക്ഷയാചിക്കുകയായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ യുവാവിന് പ്രണയം തോന്നി. അയാൾ യുവതിയുടെ മൊബൈൽ നമ്പർ വാങ്ങി അവളുമായി ബന്ധം തുടർന്നു.
ഒരു മാസം മുൻപ് ഭാര്യ തന്റെ ഭർത്താവിന്റെ പ്രണയം കൈയോടെ പൊക്കി. ചോദിച്ചപ്പോൾ യുവാവ് തനിക്ക് ഭിന്നലിംഗ യുവതിയുമായി അടുപ്പമുണ്ടെന്നും പിരിയാൻ കഴിയാത്ത ബന്ധമാണെന്നും അറിയിച്ചു. ഇതോടെ ട്രാൻസ്വുമണിനെ കുടുംബത്തിൽ സ്വീകരിക്കാൻ ഭാര്യ സമ്മതിച്ചു.
ഭാര്യയുടെ സമ്മതം ലഭിച്ചതോടെ നർലയിലെ ക്ഷേത്രത്തിൽ ഭിന്നലിംഗ വിഭാഗത്തിലെ ആളുകളുടേയും അടുത്ത ബന്ധുക്കളുടേയും സാന്നിധ്യത്തിൽ നടന്ന ചെറിയ ചടങ്ങിൽ യുവാവ് ട്രാൻസ്വുമണിനെ വിവാഹം ചെയ്തു.