മാണ്ഡ്യ: കല്യാണപ്രായം കഴിയാറായിട്ടും പെണ്ണ് കിട്ടാനില്ലെന്ന യുവാക്കളുടെ പരിഭവം മിക്ക നാട്ടിലുമുണ്ട്.
എന്നാൽ, വിവാഹം കഴിക്കാൻ പെണ്ണിനെ കിട്ടാത്തതിന്റെ പേരിൽ പദയാത്ര നടത്തുന്നത് ആദ്യ സംഭവമായിരിക്കും.
അയൽ സംസ്ഥാനമായ കർണാടകയിൽ ഇരുന്നൂറ്റിയമ്പതോളം യുവാക്കളാണ് വധുവിനെ ലഭിക്കാൻ പദയാത്ര നടത്താൻ ഒരുങ്ങുന്നത്.
ഈമാസം 23 ന് മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ കെഎം ദൊഡ്ഡി മുതൽ കർണാടകയിലെ ചാമരാജ്നഗർ ജില്ലയിലെ ഹനൂർ താലൂക്കിലെ മലേ മഹാദേശ്വര ഹിൽസ് വരെയാണ് പദയാത്ര.
30 വയസിന് മുകളിലുള്ള അവിവാഹിതരായ യുവാക്കൾ മാത്രമായിരിക്കും പദയാത്രയിൽ ഉണ്ടാവുക.
യാത്രയിലെ ഒരേയൊരു പ്രാർഥന നല്ലൊരു വധുവിനെ കിട്ടണേ എന്നു മാത്രമായിരിക്കുമെന്നു സംഘാടകർ പറയുന്നു.
പദയാത്ര തീരുമാനിച്ചപ്പോൾ മാണ്ഡ്യ, രാമനഗർ, മൈസൂരു, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നായി നിരവധി യുവാക്കൾ രജിസ്റ്റർ ചെയ്തു.
സമൂഹത്തിലെ എല്ലാ തുറയിൽ പെടുന്നവരുടെയും കുടുംബങ്ങളിൽനിന്നുള്ള യുവാക്കൾ ഇതിലുണ്ട്.
പദയാത്ര കഴിയുന്നതോടെ തങ്ങളുടെ വേവലാതി ഈശ്വരനടക്കം എല്ലാവർക്കും മനസിലാകുമെന്നും വധുവിനെ കണ്ടെത്താൻ കഴിയുമെന്നുമാണ് യുവാക്കളുടെ പ്രതീക്ഷ.
സ്ത്രീ-പുരുഷാനുപാതത്തിലെ വ്യത്യാസവും വിവിധ സാമൂഹിക സാമ്പത്തിക കാര്യങ്ങളുമൊക്കെയാണ് യുവാക്കൾക്ക് വിവാഹം കഴിക്കാൻ പെണ്ണ് കിട്ടാത്ത അവസ്ഥയുണ്ടാകുന്നത്.