പങ്കാളികളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ എല്ലാവർക്കും ഉണ്ടാകും. കള്ള് കുടിക്കരുത് പുക വലിക്കരുത് നിറം ഇതാകണം ഉയരം ഇത്ര വേണം ഇങ്ങനെ പോകുന്നു ആളുകളുടെ ഡിമാന്റുകൾ. ഒന്നോ രണ്ടോ ഒക്കെ ഡിമാന്റുകൾ ആളുകൾ വയ്ക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇപ്പോഴിതാ തന്റെ ഡിമാന്റുകൾ പറഞ്ഞതിന് സമൂഹ മാധ്യമങ്ങളിൽ വിമർശനം നേരിട്ടിരിക്കുകയാണ് ഒരു യുവാവ്. സെജിയാംഗ് സർവകലാശാലയിലെ സ്കൂൾ ഓഫ് മാർക്സിസത്തിലെ അസോസിയേറ്റ് പ്രൊഫസറായ ലൂ ആണ് വിവാദത്തിലായിരിക്കുന്നത്.
ഒരു മാച്ച് മേക്കിംഗ് ചാറ്റ് റൂമിലാണ് തന്റെ മുൻഗണനകൾ വിവരിച്ച് യുവാവ് പട്ടിക തയാറാക്കിയത്. 35കാരനായ സുന്ദരനായ യുവാവ് എന്നാണ് ഇയാൾ സ്വയം വിശേഷിപ്പിച്ചത്. തനിക്ക് 175 സെന്റിമീറ്റർ ഉയരവും 70 കിലോ ഭാരവുമുണ്ടെന്നും യുവാവ് പട്ടികയിൽ വ്യക്തമാക്കി. മികച്ച ചൈനീസ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും 1 ദശലക്ഷം യുവാൻ അതായത്1.16 കോടി രൂപയും വാർഷിക വരുമാനമായി തനിക്ക് ലഭിക്കുന്നുണ്ടെന്നും ഇയാൾ പറഞ്ഞു. ഇതിനെല്ലാം പുറമേ സെജിയാങ്ങിലെ യിവുവിൽ നിന്നുള്ള ഒരു സമ്പന്ന കുടുംബത്തിലെ ഏക മകനാണ് താനെന്നും ഇയാൾ പറയുന്നു.
ഇതൊക്കെ പറയുന്നതിൽ എന്താണ് തെറ്റെന്ന് നിങ്ങൾ കരുതുന്നുണ്ടാകാം. തെറ്റൊന്നുമില്ല. എല്ലാവരും പറയുന്ന ഇൻട്രൊ മാത്രമാണ് ലൂവും പറഞ്ഞത്. എന്നാൽ ഇയാൾ പറഞ്ഞ ബാക്കി ഡിമാന്റ് കേട്ടാലാണ് നിങ്ങൾ ഇനി ഞെട്ടുന്നത്.
രണ്ടായിരത്തിനു ശേഷം ജനിച്ച വ്യക്തികളെയാണ് താൻ പരിഗണിക്കുക. തന്നേക്കാൾ പത്ത് വയസിൽ കുറവ് പ്രായമുള്ള പെൺകുട്ടികളിൽ നിന്ന് മാത്രമേ ആലോചനകൾ ക്ഷണിക്കുകയുള്ളൂ. മെലിഞ്ഞതും കാണാൻ അതീവ സുന്ദരികളുമായിരിക്കണം പെൺകുട്ടികളെന്നും ഇദ്ദേഹം വ്യക്തമാക്കി.
ചൈനയിലെ പ്രധാനപ്പെട്ട ഒമ്പത് സർവകലാശാലകളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് ഏറ്റവും കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ബിരുദമെങ്കിലും നേടിയിരിക്കണം. ഇതിന് പുറമേ ആഗോളതലത്തിൽ മികച്ച 20 റാങ്കുള്ള വിദേശ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയവരെയും സാഹചര്യങ്ങൾക്കനുസരിച്ച് പരിഗണിക്കും എന്നും ലൂ പറഞ്ഞു.
എന്തായാലും ലൂവിന്റെ വിവാഹ ഡിമാന്റുകൾ വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. നിരവധി ആളുകൾ ഇദ്ദേഹത്തെ പിന്തുണച്ചും പരിഹസിച്ചും കമന്റ് ചെയ്തു. ഇത്തരം ഡിമാന്റാണ് വയ്ക്കുന്നതെങ്കിൽ നിങ്ങൾക്ക് ഈ ജൻമം പെണ്ണ് കിട്ടില്ലന്നാണ് ചിലർ ഇയാളോട് പറഞ്ഞത്. ഒരാളുടെ അഭിപ്രായം പറയുന്നതിൽ തെറ്റുണ്ടോ? അയാൾക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് ഡിമാന്റിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതൊക്കെ ഇഷ്ടപ്പെടുന്നതും അതിനനുസരിച്ചുമുള്ള പെൺകുട്ടികളും ഉണ്ടെന്നും പറഞ്ഞ് യുവാവിനെ ആശ്വസിപ്പിച്ചവരും കുറവല്ല.