കോലഞ്ചേരി: കോവിഡ് കാലം പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും കാലം കൂടിയാകുന്നു.
കല്യാണം ദിവസം കണ്ടെയ്ൻമെന്റ് സോണ് വില്ലനായപ്പോൾ വരന്റെ ഉറ്റസുഹൃത്ത് നായകനായി എത്തി. സുഹൃത്തിന്റെ വീട്ടുമുറ്റത്തെ പന്തലിൽ അനീഷിനും അക്ഷയയ്ക്കും ഇന്നു മംഗല്യം.
പഴന്തോട്ടം കയ്യാലക്കുടിയിൽ രാജപ്പന്റെയും സാലുവിന്റെയും മകൻ അനീഷിന്റെയും മാടവന തുരുത്തിപ്പിള്ളി ദാസന്റയും ഉഷയുടെയും മകൾ അക്ഷയയുടെയും വിവാഹം ഇന്നു നടത്താൻ മാസങ്ങൾക്കു മുന്പേ തീരുമാനിച്ചിരുന്നതാണ്.
മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനു മൂന്നുനാൾ മുന്പ് വരന്റെ വീട് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതോടെ വീട്ടുകാർ പ്രതിസന്ധിയിലാവുകയായിരുന്നു.
അനീഷിന്റെ അയൽവാസികളായ ഒൻപത് പേർക്ക് കോവിഡ് പോസിറ്റീവായതോടെയാണു കഴിഞ്ഞ ഞായറാഴ്ച മുതൽ കല്യാണവീടുൾപ്പെടുന്ന സ്ഥലം കണ്ടെയ്ൻമെന്റ് സോണായത്.
വിവാഹം ഹാളിലേക്ക് മാറ്റാൻ അന്വേഷിച്ചെങ്കിലും അവിടെയും കോവിഡ് നിയന്ത്രണങ്ങൾ വില്ലനായി.
എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ വിവാഹം മാറ്റിവയ്ക്കേണ്ടി വരുമെന്ന അവസ്ഥ വന്നതോടെയാണു വരന്റെ സുഹൃത്ത് തന്റെ വാടക വീട്ടിൽ വിവാഹ പന്തലൊരുക്കാൻ മുന്നിട്ടിറങ്ങിയത്.
തീരുമാനത്തിനു അനീഷിന്റെയും അക്ഷയയുടെയും കുടുംബങ്ങൾ പച്ചക്കൊടി കാണിച്ചതോടെ ഒരുക്കങ്ങളെല്ലാം അതിവേഗത്തിലായി. ഒരു ദിവസംകൊണ്ട് പന്തലുമുയർന്നു. അനീഷിനെയും കുടുംബത്തേയും അവിടേക്ക് മാറ്റി താമസിപ്പിച്ചു.
വിവരം ബന്ധുക്കളെയും അറിയിച്ചു. കോവിഡ് തീർത്ത പ്രതിസന്ധികളെ അതിജീവിച്ച് നിശ്ചയിച്ചുറപ്പിച്ച സമയത്തുതന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അനീഷ് അക്ഷയയുടെ കഴുത്തിൽ ഇന്നു താലിചാർത്തും.