കെ.കെ.അർജുനൻ
രാമവർമപുരം (തൃശൂർ) : ഇന്ന് പാസിംഗ് ഒൗട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് കേരള എക്സൈസ് സേനയുടെ ഭാഗമായ രണ്ടു വനിത സിവിലർ എക്സൈസ് ഓഫീസ് ട്രെയിനികൾക്ക് നാളെ കല്യാണം.
പരേഡിന്റെ ബാൻഡു മേളം കഴിഞ്ഞ് ഇരുവരും ഇനി കല്യാണ മേളത്തിലേക്ക്.
എറണാകുളം മൂവാറ്റുപുഴ പാന്പാക്കുട കളപ്പുരയിൽ വിമൽകുമാറിന്റെയും ഷൈലജയുടേയും മകളായ ശ്രീലക്ഷ്മി, മലപ്പുറം ഏറനാട് മഞ്ചേരി താണിപ്പാറ വീട്ടിൽ വേലായുധന്റെയും കാർത്യായിനിയുടേയും മകൾ എം.ആതിര എന്നിവരാണ് നാളെ കതിർമണ്ഡപത്തിലേക്ക് ചുവടു വെക്കുന്നത്.
ശ്രീലക്ഷ്മിയെ തൃപ്പൂണിത്തുറ എ.ആർ.ക്യാന്പിലെ സിവിൽ പോലീസ് ഓഫീസറായ വിവേക് താലി ചാർത്തുന്പോൾ ആതിരയെ വിവാഹം ചെയ്യുന്നത് ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടറായ വിപിനാണ്.
ഇന്നു രാവിലെ തൃശൂർ പൂത്തോളിലെ സ്റ്റേറ്റ് എക്സൈസ് അക്കാദമിയിൽ നടന്ന പാസിംഗ് ഒൗട്ടിൽ പരേഡിൽ പങ്കെടുത്ത ശേഷം ശ്രീലക്ഷ്മിയും ആതിരയും തങ്ങളുടെ വീടുകളിലേക്ക് തിരിച്ചു.
കല്യാണത്തലേന്ന് പാസിംഗ് ഒൗട്ട് വന്നെങ്കിലും ഡ്യൂട്ടി ഫസ്റ്റ് എന്ന് മനസിലുറപ്പിച്ച് ഇരുവരും പാസിംഗ് ഒൗട്ടിൽ പങ്കെടുക്കുകയായിരുന്നു. ഇരുവരുടേയും കുടുംബാംഗങ്ങളും പാസിംഗ് ഒൗട്ട് പരേഡ് കാണാനെത്തിയിരുന്നു.
ലിറ്ററേച്ചർ ബിരുദാനന്തര ബിരുദധാരിയാണ് ശ്രീലക്ഷ്മി. ബി.ടെക് ബിരുദധാരിയാണ് ആതിര. ഇരുവരും എക്സൈസ് അക്കാദമിയിൽ നിന്നും എട്ടു മാസത്തെ കഠിന പരിശീലനത്തിനു ശേഷമാണ് പാസൗട്ടായിരിക്കുന്നത്.