വിവാഹ ക്ഷണക്കത്തുകൾ വെറൈറ്റി ആക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. വിവാഹത്തിനു ക്ഷണിക്കുന്പോൾ കല്യാണ കുറിക്കും അത്രമേൽ പ്രാധാന്യം ഉണ്ട്. ഇപ്പോഴിതാ ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റുകയാണ് ഒരു കല്യാണ കത്ത്. തങ്ങളുടെ പ്രിയപ്പെട്ടവരെ ക്ഷണിക്കാനായി വരന്റെ വീട്ടുകാരാണ് വ്യത്യസ്തമായ കത്ത് അച്ചടിച്ചത്.
ഫായിഖ് അതീഖ് കിദ്വായി എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പേജിലാണ് ഈ കത്ത് പങ്കുവച്ചിരിക്കുന്നത്. ക്ഷണക്കത്തിലെ ‘ദർശനഭിലാഷി’ എന്ന ഭാഗമാണ് ശ്രദ്ധിക്കപ്പെടുന്നത്.
‘നിങ്ങളുടെ സാന്നിധ്യം ആകാംക്ഷയോടെ കാത്തിരിക്കുന്നവർ’ എന്നാണ് ‘ദർശനഭിലാഷി’ എന്നതിന്റെ വിവർത്തനം. ക്ഷണക്കത്തിൽ പൊതുവെ അതിഥികളുടെ വരവ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭാഗത്ത് ദമ്പതികളുടെ മാതാപിതാക്കളോ അല്ലങ്കിൽ സഹോദരങ്ങൾ, അതുംഅല്ലെങ്കിൽ അമ്മാവന്മാർ തുടങ്ങിയ അടുത്ത കുടുംബാംഗങ്ങളുടെ പേരുകളാകും എഴുതുന്നത്. എന്നാൽ ഇതിൽ തീർത്തും വ്യത്യസ്തമാണ്. തങ്ങളുടെ കുടുംബത്തിൽ നിന്നും മരിച്ചു പോയ വ്യക്തികളുടെ പേരുകളാണ് ദർശനഭിലാഷി എന്ന ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്.
“പരേതനായ നൂറുൽ ഹഖ്, പരേതനായ ലാലു ഹഖ്, പരേതനായ ബാബു ഹഖ്, പരേതനായ ഇജാസ് ഹഖ്” എന്നീ പേരുകൾക്ക് താഴെയാണ് ക്ഷണക്കത്തിൽ ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്തായാലും ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.