പടിയൂർ: കോവിഡ് മനുഷ്യകുലത്തിന്റെ ആകമാന ജീവിത ശൈലികളെയും മാറ്റിമറിക്കുന്പോൾ വിവാഹം പോലുള്ള ആഘോഷങ്ങൾ ചുരുക്കപ്പെടുന്നതിന്റെ മനോവ്യഥ പറയുന്നവരാണു പലരും.
എന്നാൽ, നാടും നാട്ടുകാരും പ്രകൃതിയോടിണങ്ങി ചേർന്നു ലളിത സുന്ദരമായൊരു വിവാഹാഘോഷത്തിലൂടെ വേറിട്ട മാതൃകയായി എടതിരിഞ്ഞി കുഞ്ഞിലിക്കാട്ടിൽ മണി – ശാന്ത ദന്പതികളുടെ മകൻ ശരത്തിന്റെയും പോട്ട രാമദാസ് – ഉഷ ദന്പതികളുടെ മകൾ ശ്രുതിയുടെയും വിവാഹം.
തെങ്ങോലയിലെഴുതിയ സ്വാഗത ഫലകം മുതൽ, വെള്ളം കുടിക്കാനായുള്ള മണ്ഗ്ലാസുകൾ, ഭക്ഷണം കഴിക്കാനായി പാള പാത്രങ്ങൾ, വിവിധ തരം കിഴങ്ങു പുഴുക്കുകൾ നിറഞ്ഞ നാടൻ ഭക്ഷണം, വാഴപിണ്ടി കൊണ്ടും ചണ ചാക്കുകൊണ്ടും നിർമിച്ച വിവാഹവേദി.
എത്തിച്ചേർന്നവർക്കെല്ലാം വധൂവരന്മാരുടെ സ്നേഹോപഹാരമായി ഫലവൃക്ഷത്തൈകൾ, അവ വീടുകളിലേക്കു കൊണ്ടുപോകാനുള്ള തുണി സഞ്ചിവരെ സർവത്ര പ്രകൃതി സൗഹൃദ വസ്തുക്കൾ.
വർഷങ്ങളായി ജൈവ കൃഷിയുടെയും ജൈവ ഉത്പന്നങ്ങളുടെയും പ്രചാരകനായി പ്രവർത്തിയ്ക്കുന്ന ശരത്ത് തന്റെ വിവാഹം കർഷകർ ബഹുമാനിക്കപ്പെടേണ്ടുന്നതിന്റെ ഹരിത സന്ദേശം സമൂഹത്തിനു പകരുന്നതിനായി വിവാഹ ചടങ്ങായ സേവ് ദ ഡെയ്റ്റ് ഫോട്ടോഷൂട്ട് നടത്തിയതു പാടത്തിറങ്ങി വിത്തു വിതച്ചു കൊണ്ടാണ്.
എല്ലാ ചടങ്ങുകളും കേരള സർക്കാരിന്റെ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നടത്തിയതിനു സർക്കാർ വക ഗ്രീൻ പ്രോട്ടോക്കോൾ അനുമോദന പത്രം പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ, വാർഡ് മെന്പർ ജയശ്രീ ലാൽ എന്നിവർ ചേർന്നു ദന്പതികൾക്കു സമ്മാനിച്ചു.