ചാത്തന്നൂർ: പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളിയുടെ കൃപയാൽ അഞ്ച് നിർധന യുവതികൾക്ക് മംഗല്യഭാഗ്യം. കൊടിമൂട്ടിൽ ക്ഷേത്രസന്നിധിയിൽ നാടിന്റെയാകെ പിന്തുണയോടെയും കരുതലോടെയും അനുഗ്രഹങ്ങളോടെയും ആചാര ചടങ്ങുകളോടെ ഇവർ വിവാഹിതരായി.
ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടത്തി വരുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ 16 വർഷമായി നിർധന യുവതികളുടെ വിവാഹം ക്ഷേത്രസന്നിധിയിൽ നടത്തിവരുന്നത്.
താലിയും മാലയും വിവാഹ വസ്ത്രങ്ങളും ദമ്പതികൾക്ക് ക്ഷേത്രം മുഖേന നല്കി. ഹിന്ദു വിവാഹാ ചാരപ്രകാരമുള്ള ചടങ്ങുകളോടെയാണ് വിവാഹം നടത്തിയത്. നവദമ്പതികൾക്ക് പാരിപ്പള്ളി തിരുവനന്തപുരം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർമാർ സാമ്പത്തിക സഹായവും സമ്മാനിച്ചു.
വിപുലമായ വിവാഹ സദ്യയും ഒരുക്കിയിരുന്നു. ക്ഷേത്രത്തിന്റെ നേതൃത്വത്തിലാണ് നിർധന യുവതികളുടെ വിവാഹം ഒരുക്കിയതെങ്കിലും നാട് ഇത് ഏറ്റെടുത്ത് നടത്തുകയായിരുന്നുവെന്ന് ക്ഷേത്ര ഭരണ സമിതി സെക്രട്ടറി എസ്.പ്രശോഭൻ പറഞ്ഞു.
വിശ്വാസത്തിന്റെ ഭാഗമായി ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്തുന്നതോടൊപ്പം ഇത്തരം കാരുണ്യപരമായ പ്രവർത്തനങ്ങൾ ചെയ്യുന്നത് അഭിനന്ദനിയവും അനുകരണീയവുമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എൻ.കെ.പ്രേമചന്ദ്രൻ എംപി. പറഞ്ഞു.
പല ക്ഷേത്രങ്ങൾക്കും കൊടിമൂട്ടിൽ ക്ഷേത്രം സമൂഹ വിവാഹത്തിലൂടെ മാതൃകയായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വർക്കല അയിരൂർ ചാരുകുഴിചരുവിള വീട്ടിൽ ബാബുവിന്റേയും വത്സലയുടെയുടെയും മകൻ ബി. മുകേഷും കല്ലുവാതുക്കൽ വട്ടക്കുഴിക്കൽ വിലവ്യർക്കോണം സന്ധ്യ ഭവനിൽ മോഹനന്റേയും സിന്ധുവിന്റേയും മകൾ സന്ധ്യാമോഹനനും നാവായ്ക്കുളം ചവർ കോട്ചരുവിള വീട്ടിൽ മണിയുടെയും സരസ്വതിയുടെയും മകൻ മനുവും അയിരൂർ കിഴക്കേ ഭാഗം തുണ്ടുവിള വീട്ടിൽ സുനിൽകുമാറിന്റേയും ഷീലയുടെയും മകൾ ധന്യയും ചാവർ കോട് പണിക്കക്കുടിയിൽ ഹർഷന്റേയും തെകയുടെയും മകൻ ജിത്തവും പാരിപ്പള്ളി എഴിപ്പുറംചിറയിൽ പുത്തൻവീട്ടിൽ പങ്കന്റേയും നിർമ്മലയുടെയും മകൾ നീതുവും ഇടവ തോട്ടു മുഖം മാവിള വീട്ടിൽ സോമന്റേയും തങ്കമണിയുടെയും മകൻ സേതുവും വർക്കലമുട്ടപ്പലം ഹരിജൻ കോളനി ചരുവിള വീട്ടിൽ സന്തോഷിന്റേയും രോഹിണിയുടെയും മകൾ സോണിയയും മഞ്ഞപ്പാറ പൊരുന്ത മൺ മേലേ വിള പുത്തൻവീട്ടിൽ ലാലിന്റേയും ലിസിയുടെയും മകൻ അനീഷും പാളയംകുന്ന് കടവിൻ കര മുരുക്കോലിൽ ചരുവിള വീട്ടിൽ സന്തോഷിന്റേയും ബിന്ദുവിന്റേയും മകൾ ഇന്ദുവുമാണ് വിവാഹിതരായത്.
രക്ഷാകർത്താക്കൾ നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങളാണ് ക്ഷേത്രസന്നിധിയിൽ നടത്തിയത്. ക്ഷേത്ര ട്രസ്റ്റ് പ്രത്യേകം അന്വേഷണം നടത്തിയ ശേഷമാണ് വിവാഹ ചടങ്ങുകൾക്ക് ദമ്പതിമാരെ തിരഞ്ഞെടുത്തത്.
അനുമോദന സമ്മേളനത്തിൽ ജി.എസ്.ജയലാൽ എംഎൽഎ അധ്യക്ഷനായിരുന്നു. വി.ജോയി എംഎൽഎ, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സിന്ധു, എസ്എൻഡിപി ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ഷാജി പങ്കജ്, ബി.പ്രേമാനന്ദ്, രാജൻ കുറുപ്പ്, എസ്.പ്രശോഭ് തുടങ്ങിയവർ പ്രസംഗിച്ചു.