മുംബൈ: വിവാഹപ്രായമായ യുവാക്കൾ വധുക്കളെ തേടി കളക്ടറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. മഹാരാഷ്ട്രയിലെ സോലപുർ ജില്ലയിലാണ് വധുക്കളെ തേടി യുവാക്കൾ മാർച്ച് നടത്തിയത്.
മഹാരാഷ്ട്രയിൽ സ്ത്രീ-പുരുഷ അനുപാതത്തിലുണ്ടായ വലിയ വ്യതിചലനത്തിന് പിന്നാലെയാണ് വ്യത്യസ്ത സമരവുമായി യുവാക്കൾ രംഗത്തെത്തിയത്.
സംസ്ഥാനത്തെ ആൺ-പെൺ അനുപാതം മെച്ചപ്പെടുത്തുന്നതിനായി ഗർഭധാരണത്തിന് മുമ്പുള്ള തിരിച്ചറിയൽ നിയമം (പിസിപിഎൻഡിടി) കർശനമായി നടപ്പാക്കണമെന്നും “വരൻ മോർച്ച’ എന്ന പേരിൽ സംഘടിച്ചവർ ജില്ലാ കളക്ടർക്ക് നൽകിയ മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടു.
മാർച്ചിൽ പങ്കെടുത്ത യുവാക്കൾ തങ്ങൾക്ക് വധുക്കളെ ക്രമീകരിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
നിരവധി യുവാക്കളാണ് സമരത്തിൽ പങ്കെടുത്തത്. വിവാഹ വേഷങ്ങൾ ധരിച്ച് കുതിരപ്പുറത്ത് കയറി ബാൻഡ്മേളങ്ങളുടെ അകമ്പടിയോടെയാണ് അവർ കളക്ടറുടെ ഓഫീസിലെത്തി വധുക്കളെ ആവശ്യപ്പെട്ടത്. ആളുകൾ ഈ സമരത്തെ പരിഹസിച്ചേക്കാം.
എന്നാൽ സംസ്ഥാനത്തെ ആൺ-പെൺ അനുപാതം വ്യതിചലിക്കുന്നതിനാൽ വിവാഹപ്രായമായ യുവാക്കൾക്ക് വധുക്കളെ ലഭിക്കുന്നില്ല എന്നത് ഭീകരമായ യാഥാർഥ്യമാണെന്ന് ജ്യോതി ക്രാന്തി പരിഷത്ത് സ്ഥാപകൻ രമേഷ് ബരാസ്കർ പറഞ്ഞു.
മഹാരാഷ്ട്രയിലെ ലിംഗാനുപാതം 1,000 ആൺകുട്ടികൾക്ക് 889 പെൺകുട്ടികളാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പെൺ ഭ്രൂണഹത്യ കാരണമാണ് ഈ അസമത്വം നിലനിൽക്കുന്നത്.
ഇതിന് ഉത്തരവാദി സർക്കാരാണ്. ഇതിന് സർക്കാർ തന്നെ പരിഹാരം കാണണമെന്നും രമേശ് ബരാസ്കർ ആവശ്യപ്പെട്ടു.