വിവാഹാഭ്യർഥന മനോഹരമാകുവാൻ കമിതാക്കൾ പലമാർഗവും സ്വീകരിക്കാറുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഏറെ കൈയടി നേടുന്നത്. കനേഡിയൻ സ്വദേശിയായ ജോണ് നെവലാണ് അത്തരമൊരു പ്രവൃത്തിയിലൂടെ മാധ്യമങ്ങളിൽ ഇടം നേടുന്നത്.
കാരണം മോതിരത്തിനുള്ളിൽ കാരറ്റ് ചെടി വളർത്തിയാണ് അദ്ദേഹം തന്റെ പെണ്സുഹൃത്തിനോട് വിവാഹാഭ്യർഥന ചെയ്തത്. ജോണ് നെവലും കാമുകി ഡാനിയേൽ ഡീജെ സ്ക്വയേഴ്സും ആറ് വർഷങ്ങളായി ഒന്നിച്ചാണ് താമസം ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്.
എന്നെങ്കിലുമൊരിക്കൽ വിവാഹം ചെയ്യുമെന്ന് അറിയാമായിരുന്നുവെങ്കിലും ഇരുവരും അതിന് തിടുക്കം കൂട്ടിയിരുന്നില്ല. നാളുകൾക്ക് ശേഷം ഡാനിയേലിനോട് വിവാഹാഭ്യർഥന നടത്തുവാൻ തീരുമാനിച്ച ജോണ് വ്യത്യസ്തമായ രീതിയിലൂടെയാകണം അതെന്ന് തീരുമാനിച്ചുറപ്പിച്ചു.
അതിനു വേണ്ടിയുള്ള ആലോചനയ്ക്കിടെയാണ് വർഷങ്ങൾക്ക് മുമ്പ് കാണാതായ വജ്രമോതിരം കാരറ്റ് തോട്ടത്തിൽ നിന്നും കണ്ടെത്തിയ ഒരു യുവതിയുടെ വാർത്ത ജോണിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒരു കർഷകനായ ജോണിന് വിവാഹാഭ്യർഥന പ്രകൃതിയുമായി ചേർന്ന് നിൽക്കുന്നതായിരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു.
ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട ജോണ്, വിവാഹമോതിരത്തിൽ കാരറ്റ് നട്ടുവളർത്തിയതിന് ശേഷം അത് ഡാനിയേലിന് നൽകി വിവാഹാഭ്യർഥന ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു. തന്റെ ശ്രമം പരാജയപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും പിന്മാറുവാൻ ജോണ് ഒരുക്കമായിരുന്നില്ല.
ഇതിനായി ഒരു ബക്കറ്റിൽ ജോണ് മണ്ണ് നിറച്ചു. മണ്ണിന് നടുവിലായി വജ്രമോതിരം കുഴിച്ചിട്ടു. അതിന് ശേഷം പെൻസിൽ ഉപയോഗിച്ച് മോതിരത്തിന് നടുവിലൂടെ ഒരു തുളയിട്ടു. അതിന് മുകളിലായി വിത്ത് പാകുകയും ചെയ്തു. ഏകദേശം 90 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഭാര്യയും മക്കൾക്കുമൊപ്പമാണ് ജോണ് വിളവെടുപ്പിന് ഇറങ്ങിയത്.
ബക്കിന് നടുവിലുള്ള ക്യാരറ്റ് ചെടി പറിച്ചെടുക്കുവാൻ ജോണ് ഡാനിയലിനോട് ആവശ്യപ്പെട്ടു. അവർ കാരറ്റ് പറച്ചെടുത്ത അതേ സമയം തന്നെ ജോണ് മുട്ടിലിരുന്ന് വിവാഹാഭ്യർഥന നടത്തുകയായിരുന്നു. താൻ പറിച്ചെടുത്ത ക്യാരറ്റിൽ മോതിരമുണ്ടെന്ന് തിരിച്ചറിയുവാൻ ഡാനിയേൽ അൽപ്പം വൈകിയിരുന്നു. ഇത് കണ്ട ഡാനിയേലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. മാത്രമല്ല വിവാഹത്തിന് തനിക്ക് സമ്മതമാണെന്ന് തലയാട്ടി പറയുകയും ചെയ്തു.
ഈ സംഭവം ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ഇരുവരുടെയും വിവാഹമെന്നാണെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ചോദിക്കുന്നത്.