ചില ആചാരങ്ങള്‍ പരിഷ്കൃത സമൂഹം അംഗീകരിക്കാറില്ലെങ്കിലും അവയുടെ പ്രത്യേകതകള്‍ എല്ലാവരിലും കൗതുകമുണര്‍ത്താറുണ്ട്.
അത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഒന്നാണ് ബിഹാറില്‍ നടക്കാറുള്ള വ്യത്യസ്തമായൊരു തെരഞ്ഞെടുപ്പ്. കാരണം വരനെ തെരഞ്ഞെടുക്കാനുള്ള ഒരു ചന്തയുണ്ടിവിടെ.
ബിഹാറിലെ മധുബനി ജില്ലയിലെ ഈ പ്രത്യേക ചന്തയില്‍ എത്തുന്ന യുവതികള്‍ക്ക് വാങ്ങുന്നതിനായി പുരുഷന്മാര് വരന്മാരായി അണിനിരക്കും. ഇത് പ്രാദേശികമായി അറിയപ്പെടുന്നത് വരന്റെ ചന്ത അല്ലെങ്കില്‍ സൗരത് സഭ എന്നാണ്.
ഒന്‍പത് ദിവസത്തെ ഈ ചന്ത സൗരത് മേള അല്ലെങ്കില്‍ സഭാഗച്ചി എന്നും അറിയപ്പെടാറുണ്ട്.
ഈ ചന്തയിലെത്തുന്ന പെണ്‍കുട്ടികളും അവരുടെ വീട്ടുകാരും അവര്‍ക്കനുയോജ്യമായ വരനെ ഈ വിപണിയില്‍ നിന്ന് തെരഞ്ഞെടുക്കുന്നു.
700 വര്‍ഷത്തെ പഴക്കമുള്ള ആചാരമാണിത്. പ്രാദേശിക ഐതിഹ്യങ്ങള്‍ അനുസരിച്ച് കര്‍ണാട് രാജവംശത്തിലെ രാജാ ഹരി സിംഗ് ആണ് ഈ ആചാരം ആരംഭിച്ചത്.
നിരവധി ഗോത്രങ്ങള്‍ തമ്മില്‍ വിവാഹം കഴിക്കുകയും വിവാഹങ്ങള്‍ സ്ത്രീധനരഹിതമാക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ആചാരത്തിന്റെ ലക്ഷ്യം.
വരനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് വധുവിന് വരന്റെ വീട്ടുകാരുടെ യോഗ്യത, പശ്ചാത്തലം, വരന്റെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വ്യത്യസ്ത രേഖകള്‍ എന്നിവ പരിശോധിക്കാന്‍ അവസരമുണ്ട്.
എന്നാല്‍ വരന്റെയും വധുവിന്റെയും ഏഴു തലമുറകള്‍ തമ്മില്‍ രക്തബന്ധം ഉണ്ടെങ്കില്‍ വിവാഹം അനുവദിക്കാറില്ല.
പെണ്‍കുട്ടി തനിക്ക് അനുയോജ്യമായ ഒരു കൂട്ടാളിയെ ഇഷ്ടപ്പെടുകയും വിവാഹം ഉറപ്പ് പറയുകയും ചെയ്താല്‍ ഇരുവീട്ടിലെയും മുതിര്‍ന്നവര്‍ കൂടി ബാക്കി കാര്യങ്ങള്‍ സംസാരിക്കുന്നു.
പിന്നീട് മുറയ്ക്ക് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നു. അവരുടെ മാതൃഭാഷയിലെ പഞ്ഞിക്കാര്‍ എന്നറിയപ്പെടുന്ന രജിസ്ട്രാര്‍മാര്‍ ഈ കാര്യങ്ങളില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്.