അമേരിക്കൻ മലയാളികളുടെ വിവാഹ തട്ടിപ്പുകൾ വർധിക്കുന്നു! ഇരയായ പാവപ്പെട്ട ഒരു നഴ്‌സിംഗ് ബിരുദധാരിയായ മലയാളി പെണ്‍കുട്ടിയുടെ കഥ ഇങ്ങനെ…

ഡാളസ് : അമേരിക്കൻ മലയാളികളുടെ വിവാഹ തട്ടിപ്പുകൾ വർധിക്കുന്നതായി പരാതി ഉയരുന്നു . അടുത്തയിടെ ഒരു അമേരിക്കൻ മലയാളി യുവാവ് നടത്തിയ വിവാഹത്തട്ടിപ്പിനിരയായ പാവപ്പെട്ട ഒരു നഴ്സിംഗ് ബിരുദധാരിയായ മലയാളി പെൺകുട്ടിയുടെ കഥ കരളലിയിപ്പിക്കുന്നതാണ്.

കോതമംഗലം (നെല്ലിമറ്റം) മാറാഞ്ചേരി പുത്തത്ത് എം.സി. മത്തായിയുടെ മകൻ ബെന്നി മാത്യുവാണ് വിവാഹ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.

വിസിറ്റിംഗ് വീസയിൽ അമേരിക്കയിലെ നോർത്ത് കരോളിനായിൽ എത്തിയ ബെന്നി ഒരു മലയാളി റസ്റ്ററന്‍റിൽ ജോലി ലഭിക്കുകയും 2014 മാർച്ച് 14ന് നോർത്ത് കരോളിനയിലെ ഓറഞ്ച് കൗണ്ടിയിൽ വച്ച് പോർട്ടോറിക്കൻ വംശജയായ വനേസ ലീ പെർഡോമോയെ വിവാഹം കഴിക്കുകയും ചെയ്തു.

2015 കണ്ടീഷണൽ ഗ്രീൻകാർഡ് ലഭിച്ച ബെന്നി മാത്യൂസ് നാട്ടിലെത്തുകയും “എം ഫോർ മാരി’ മുഖാന്തരം കൂത്താട്ടുകുളത്തെ ഒരു സാധാരണ കർഷക കുടുംബത്തിൽനിന്നും ഒരു ബിഎസ് സി നഴ്സിംഗ് പാസായ സാധു പെൻ‌കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. പതിനഞ്ചു ദിവസത്തെ അവധിക്കുശേഷം അമേരിക്കയിലേക്ക് തിരിച്ചുപോയ ബെന്നി പിന്നീട് വരുന്നത് 2016 ലാണ്.

തന്നെ അമേരിക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമോ എന്ന് ചോദിച്ചപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കുകയും എന്‍റെ അപ്പയേയും അമ്മയേയും നോക്കുവാൻ ആണ് നിന്നെ കല്യാണം കഴിച്ചത് എന്ന് ഭീഷിണിപ്പെടുത്തി കോതമംഗലത്തെ വീട്ടിൽ വീട്ടുതടവിലാക്കി മൊബൈൽ ഫോൺ എടുത്തു മാറ്റുകയും ചെയ്തു .

മാത്രവുമല്ല പവർ ഓഫ് അറ്റോണി പ്രകാരം വിവാഹ മോചനത്തിന് ശ്രമിച്ചു. എന്നാൽ സംഭവത്തിന്‍റെ സത്യാവസ്ഥ മനസിലാക്കിയ കോടതി വിവാഹ മോചന കേസ് തള്ളുകയായിരുന്നു.

തനിക്കു സ്ത്രീധനം ആയി കിട്ടിയ 72 പവൻ സ്വർണം വിറ്റ് കിട്ടിയ തുക അമേരിക്കയിലേക്ക് കടത്തി ഫാമിലി ഡോളർ എന്ന ഒരു ബിസിനസ് സ്ഥാപിക്കുവാൻ ശ്രമിച്ചു എന്നും പെൺകുട്ടി മനസിലാക്കി.

ഇതിനോടകം ഈ ചതി മനസിലാക്കിയ നല്ലവരായ സുഹൃത്തുക്കളും നാട്ടുകാരും കോതമംഗലം പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തതുപ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു .

ഇതിനെത്തുടർന്ന് ബെന്നിയുടെ കോതമംഗലത്തെ വീട്ടിലെത്തി തെളിവെടുപ്പു നടത്തിയ പോലീസുകാർക്ക് സത്യസ്ഥിതി ബോധ്യപ്പെടുകയും ചെയ്തു .

ക്രൂരമായ വിവാഹ തട്ടിപ്പ് നടത്തിയ ബെന്നിയുടെ വിവരങ്ങൾ എൻആർഐ സെല്ലിലേക്ക് വിടുകയും ലുക്കൗട്ട് നോട്ടീസ് വഴി ഇപ്പോൾ അറസ്റ്റിനുള്ള ശ്രമം നടന്നുവരികയുമാണ്. ഇതിനോടകം ഡൽഹിയിലെ വനിതാകമ്മീഷനും പരാതികൾ അയച്ചു കഴിഞ്ഞു.

കൃത്യമായ ഇടപെടലുകളോടെ പോലീസ് ഡിപ്പാർട്ട്മെന്‍റ് എല്ലാ പഴുതുകളും അടച്ചാണ് ബെന്നിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നത്.

സംഭവം പുറത്തായതോടെ അമേരിക്കയിലെ മലയാളി സമൂഹവും ഞെട്ടിയിരിക്കുകയാണ്. ഇത്തരം തട്ടിപ്പുകൾ നടക്കുന്നതായി ഇതിനകം തന്നെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.

ഇതിനെതിരെ ബോധവത്കരണം നടത്തുന്നതിനും അമേരിക്കൻ മലയാളി സമൂഹത്തിനു തന്നെ അപമാനകരമായ ഇത്തരം തട്ടിപ്പുകൾ ഇനിയും ആവർത്തിക്കാതിരിക്കുന്നതിനു സഹായകരമായ അടിയന്തര നടപടികൾ കൈക്കൊള്ളാൻ അമേരിക്കൻ മലയാളി സമൂഹത്തോടു ഡാളസിലെ ആദ്യകാല പ്രവാസിയും വ്യവസായ പ്രമുഖനും സാമൂഹിക സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും ഇന്ത്യ പ്രസ് ക്ലബ്‌ നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രസിഡന്‍റുമായ സണ്ണി മാളിയേക്കൽ അഭ്യർഥിച്ചു.

Related posts

Leave a Comment