“ഞാൻ അവളെ പ്രണയിച്ചു. മറ്റാരേക്കാളും അധികം. അവൾക്ക് ആരുമില്ലെന്നാണ് അവൾ പറഞ്ഞത്.
എങ്കിലും അവൾക്ക് എല്ലാവരോടും സ്നേഹമായിരുന്നു, കരുതലും. അങ്ങനെയൊരു പെണ്ണിനെ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കുക.
അവളെ ഞാൻ പ്രണയിച്ചതിൽ എന്താണ് തെറ്റ്? പക്ഷേ എന്റെ സ്നേഹത്തേക്കാൾ അവളെ ആകർഷിച്ചത് എന്റെ സന്പത്തായിരുന്നു.
എന്നിൽനിന്ന് അവൾക്ക് വേണ്ടിയിരുന്നത് കുറേയധികം പണവും ഒരു പാസ്പോർട്ടും മാത്രമായിരുന്നു.’ –
നഷ്ടപ്രണയത്തെക്കുറിച്ചുള്ള വിങ്ങൽ പുറത്തേക്കു വരാതെ ശ്രദ്ധിച്ചു സംസാരിക്കുന്നത് റോൺ ഷെപ്പർഡ് എന്ന എഴുപത്തിരണ്ടുകാരൻ കാമുകൻ.
ഫേക്കിൽ കുരുങ്ങി
ചില ട്രോളുകളിലൊക്കെ നമ്മൾ കാണാറില്ലേ, നാട്ടിലെ സകല ഫേക്ക് പ്രൊഫൈലുകളുടെയും പേര് അശ്വതി അച്ചു എന്നാണെന്ന്. അതുപോലൊരു സ്കോട്ട് ലൻഡുകാരി ജേനാണ് റോൺ എന്ന അപ്പൂപ്പന് എട്ടിന്റെ പണി കൊടുത്തത്.
ബ്രിട്ടണിൽ ഏറ്റവുമധികം വിവാഹം കഴിച്ചയാൾ എന്ന റിക്കാർഡ് സ്വന്തമായുള്ള റോണിന്റെ ഏറ്റവും ഒടുവിലത്തെ കാമുകിയാണ് ജേൻ എന്ന പ്രൊഫൈലിനപ്പുറമുള്ളത്.
ആളുടെ യഥാർഥ പേരോ വിവരങ്ങളോ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് എട്ടു കുട്ടികളുടെ അച്ഛൻ കൂടിയായ റോൺ പറയുന്നതിങ്ങനെ:
“ഞാൻ എട്ടു വിവാഹം കഴിച്ചു. പക്ഷേ, എന്തുകൊണ്ടോ ഒന്നും അങ്ങോട്ടു ശരിയായി വന്നില്ല. 1966ലായിരുന്നു ആദ്യ വിവാഹം. ആ ദാന്പത്യം 12 വർഷം നീണ്ടു നിന്നു.
എന്റെ ജീവിതത്തിൽ ഏറ്റവുമധികം നീണ്ടുനിന്ന ദാന്പത്യവും അതുതന്നെയാണ്. 2019 ജനുവരിയിലാണ് ഞാൻ ജേനിനെ പരിചയപ്പെടുന്നത്.
ഫേസ്ബുക്കിൽ എനിക്ക് ഇങ്ങോട്ടാണ് അവർ മെസേജ് അയച്ചത്. എന്നെ പരിചയപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും സംസാരിക്കാൻ താത്പര്യമുണ്ടോ എന്നും അവർ ചോദിച്ചു.
ആളുകളെ പരിചയപ്പെടാനും അവരോടു സംസാരിക്കാനും ഇഷ്ടമുള്ള ആളാണ് ഞാൻ. അതുകൊണ്ടുതന്നെ ഞാൻ അവർ അയച്ച മെസേജുകൾക്കു മറുപടി നൽകി. അവൾ അവളെക്കുറിച്ചു പറഞ്ഞു.
എന്നെക്കുറിച്ചു തിരക്കി. അങ്ങനെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.
സ്കോട്ട്ലൻഡ് സ്വദേശിയാണെന്നും 37 വയസുണ്ടെന്നുമാണ് അവർ എന്നോടു പറഞ്ഞത്. അവരുടെ മുത്തശിക്കു സുഖമില്ലാത്തതിനാൽ അവരെ ശുശ്രൂഷിക്കുന്നതിനായി പടിഞ്ഞാറൻ ആഫ്രിക്കയിലെ ഘാനയിലാണുള്ളതെന്നും പറഞ്ഞു.
ജേനിന്റെ അമ്മ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് പറഞ്ഞിരുന്നത്.
സുഖമില്ലാതെ കിടക്കുന്ന മുത്തശിയോടുള്ള കരുതലും സ്നേഹവും എന്നെ വളരെയധികം ആകർഷിച്ചു.
പാർക്കിൻസൺസ് രോഗമുള്ളതിനാൽ എനിക്കതു നന്നായി മനസിലാകും. മറ്റൊരാളെ പരിചരിക്കാനും ശുശ്രൂഷിക്കാനും വലിയ മനസിനുടമകൾക്കു മാത്രമല്ലേ സാധിക്കുകയുള്ളൂ.
ഒരുതരത്തിൽ പറഞ്ഞാൽ അവർ എന്നെ അങ്ങനെ വിശ്വസിപ്പിക്കുകയായിരുന്നു.’
വീഡിയോ കോളിൽ
ഏതാനും വർഷങ്ങൾ ഇവരുടെ സൗഹൃദം ഫേസ്ബുക്കിന് അപ്പുറവും ഇപ്പുറവുമായി മുന്നോട്ടു നീങ്ങി. അങ്ങനെയിരിക്കെ ഒരുനാൾ വീഡിയോ കോൾ ചെയ്യാമെന്നു ജേൻ റോണിനോടു പറഞ്ഞു.
സംഭവങ്ങളുടെ കിടപ്പിൽ എന്തോ ചില പ്രശ്നങ്ങളുണ്ടല്ലോ എന്ന് റോണിനു തോന്നിയത് അവിടെ മുതലാണ്.
ജേനിന്റെ സംസാരശൈലി സ്കോട്ട് ലൻഡുകാരുടേതായിരുന്നില്ല. അതിനു ഘാനയിലുള്ളവരുടേതുമായി സാമ്യമുണ്ടായിരുന്നു.
സംശയം തോന്നിയപ്പോൾ
“സംസാര ശൈലിയിലെ ഈ മാറ്റത്തെക്കുറിച്ചു ചോദിച്ചപ്പോൾ അത് അമ്മൂമ്മയുടെ അടുത്തെത്തിയ ശേഷം മാറിപ്പോയതാണെന്നാണ് ജേൻ പറഞ്ഞത്.
അത്ര വേഗം ശൈലി മാറുമോ എന്നു സംശയം തോന്നിയെങ്കിലും ഞാനതു സാരമാക്കിയില്ല. ഞാൻ അവളെ അത്രയേറെ വിശ്വസിച്ചു എന്നു പറയുന്നതാവും ശരി.
ഘാനയിൽനിന്നു തിരികെ വരാനുള്ള പണമില്ലെന്നു പറഞ്ഞപ്പോൾ ഞാൻ അവൾക്ക് യുകെയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു കൊടുക്കാമെന്നു പറഞ്ഞു. അവളെനിക്കു പാസ്പോർട്ടിന്റെ ചിത്രം അയച്ചു തന്നു.
എന്നാൽ, എനിക്ക് ആ പാസ്പോർട്ട് കണ്ടിട്ടു ചില സംശയങ്ങളൊക്കെ തോന്നി. അതു യഥാർഥ പാസ്പോർട്ട് ആയിരുന്നില്ല.
അതുകൊണ്ടുതന്നെ ഞാൻ അവരുടെ നാഷണൽ ഇൻഷ്വറൻസ് നന്പർ ചോദിച്ചു. തനിക്ക് അങ്ങനെയൊന്നില്ലെന്ന് അവർ തീർത്തു പറഞ്ഞു.
യുകെയിലുള്ള ഒരാൾക്കു നാഷണൽ ഇൻഷ്വറൻസ് നന്പർ ഇല്ലാതിരിക്കുന്നതെങ്ങനെ? ഒടുവിൽ ഞാൻ അവരോടു ചോദിച്ചു ” യഥാർഥത്തിൽ നിങ്ങൾ ആരാണ്?’
സത്യം പുറത്തേക്ക്
അവർ സ്വന്തം വിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും ചില സത്യങ്ങൾ പറഞ്ഞു. അവർ സ്കോട്ട് ലൻഡ് സ്വദേശി അല്ലെന്നു മാത്രമല്ല അവർ മുൻപൊരിക്കലും യുകെയിൽ വന്നിട്ടില്ല.
എന്നാൽ, യുകെയിൽ താമസിക്കണമെന്ന് അതിയായ ആഗ്രഹമുള്ള സ്ത്രീയാണ്.
സൗഹൃദം സ്ഥാപിച്ചതു മുതൽ പലപല ആവശ്യങ്ങൾ പറഞ്ഞ് അവർ എന്റെ കൈയിൽനിന്നു പണം വാങ്ങിയിരുന്നു. അപ്പോഴൊന്നും എനിക്ക് സംശയം തോന്നിയിട്ടേയില്ല. പണം പോയതിൽ എനിക്കു വിഷമമില്ല.
എന്നാൽ, ഞാൻ ഇത്രയേറെ സ്നേഹിച്ചിട്ടും അവൾ എന്നെ ചതിച്ചല്ലോ. ദേഷ്യവും സങ്കടവും സഹിക്കാനാകാതെ ഞാനവളെ ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്തു. ‘
വിവാഹമോതിരങ്ങളുടെ രാജാവ്
വിവാഹം കഴിക്കാൻ ഏറെയിഷ്ടമുള്ള റോണിന്റെ ഇരട്ടപ്പേര് വിവാഹമോതിരങ്ങളുടെ രാജാവ് എന്നായിരുന്നു. ഇതേപേരിൽ റോൺ തന്റെ ജീവിതം പുസ്തകമാക്കിയിട്ടുണ്ട്.
ഇത്രയും വിവാഹം കഴിച്ച റോണിന് ഏറ്റവും പ്രിയപ്പെട്ടവൾ ആരാണെന്നു ചോദിച്ചാൽ അദ്ദേഹം പറയും “ക്രിസ്റ്റൽ’ എന്ന്.
അതേ ക്രിസ്റ്റലാണ് റോണിന് ഏറ്റവുംപ്രിയപ്പെട്ടവൾ. പക്ഷേ, നിയമക്കുരുക്ക് അവരെ തമ്മിലകറ്റി. തെറ്റായ വീസയിൽ യുകെയിൽ താമസിച്ചതിനാൽ യുകെ ക്രിസ്റ്റലിനെ വിലക്കി.
“ക്രിസ്റ്റൽ എനിക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു. ഒരുപക്ഷേ അവളെന്റെ ജീവിതത്തിലേക്കു വന്നിരുന്നെങ്കിൽ എന്റെ ജീവിതം തന്നെ മാറിപ്പോയേനേ…’ റോൺ പറഞ്ഞു.