മറയൂർ: കേരള – തമിഴ്നാട് അതിർത്തിയായ ചിന്നാറിലെ അന്തർസംസ്ഥാന പാതയിൽ ഇന്നലെ നടന്നത് വ്യത്യസ്ത വിഭാഗങ്ങളുടെ മൂന്നു വിവാഹങ്ങൾ.
മൂന്നാർ, മറയൂർ മേഖലയിൽനിന്നുള്ള മൂന്നു പെണ്കുട്ടികളാണ് അതിർത്തികടന്നു പുതുജീവിത യാത്ര ആരംഭിച്ചത്. വിവാഹത്തിന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കാർമികത്വം വഹിച്ചതാകട്ടെ ആരോഗ്യ വകുപ്പ് പ്രവർത്തകരും ചിന്നാർ ചെക്ക് പോസ്റ്റിലെ എക്സൈസ് ജീവനക്കാരും.
ഹിന്ദുമത ആചാരപ്രകാരം ഒരു വിവാഹവും ക്രിസ്ത്യൻ സിഎസ്ഐ ആചാരപ്രകാരം രണ്ടു വിവാഹങ്ങളുമാണ് 9.30-നും 10.30-നുമിടയിൽ കൃത്യമായ സാമൂഹ്യ അകലം ഉറപ്പാക്കി നടത്തിയത്.
കാന്തല്ലൂർ ഗ്രാമപഞ്ചായത്തിലെ പയസ് നഗർ കരിന്പാറ സ്വദേശികളായ പഴനി- സുധാമണി ദന്പതികളുടെ മകൾ സുകന്യയും തിരുപ്പൂർ ജില്ലയിലെ കുറിച്ചിക്കോട്ട സ്വദേശികളായ കറുപ്പ് സ്വാമി – ചിന്നഴക ദന്പതികളുടെ മകൻ മണികണ്ഠനും തമ്മിലുള്ള വിവാഹമാണ് ഹിന്ദു തമിഴ് ആചാരപ്രകാരം ആദ്യം നടന്നത്.
തമിഴ്നാട്ടിൽനിന്നുമെത്തിയ 15 അംഗം സംഘത്തിലെ വരനും മാതാപിതാക്കൾക്കുമാണ് കേരള അതിർത്തി കടന്ന് എത്താൻ അനുവാദം നൽകിയത്.
സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചീകരിച്ചശേഷം ടാർ റോഡിൽ പായ് വിരിച്ചു വിവാഹവേദി സജ്ജീകരിച്ചു. തുടർന്ന് ആചാരപ്രകാരം മണികണ്ഠൻ സുകന്യയുടെ കഴുത്തിൽ താലികെട്ടി ബന്ധുക്കൾക്കൊപ്പം അതിർത്തി കടന്നു. ഫെബ്രുവരി 19-നായിരുന്നു ബസ് ഡ്രൈവറായ മണികണ്ഠന്റെയും ലാബ് അസ്റ്റിസ്റ്റന്റായ സുകന്യയുടെയും വിവാഹനിശ്ചയം.
ആദ്യ വിവാഹ സംഘം മടങ്ങിയശേഷം സിഎസ്ഐ ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹങ്ങൾ നടന്നു. കാന്തല്ലൂർ മിഷ്യൻ വയൽ സ്വദേശികളായ തോമസ് – മല്ലിക ദന്പതികളുടെ മകൾ വേദകനിയും തിരുപ്പൂർ അമരാവതി സ്വദേശികളായ സിമയോണ് -മാണിക്യമേരി ദന്പതികളുടെ മകൻ മുത്തുരാജുമായിരുന്നു ആദ്യ വിവാഹത്തിലെ വധൂവരൻമാർ.
കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവൻരാജ്, പഞ്ചായത്ത് അംഗം സെൽവകുമാർ എന്നിവരാണ് വിവാഹ നടത്തിപ്പിന് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് സഹായങ്ങൾ ചെയ്തു നൽകിയത്. വരനു കേരളത്തിലേക്കു വരുന്നതിനുള്ള പാസും കേരളത്തിൽനിന്നും വിവാഹശേഷം വധുവിനു തമിഴ്നാട്ടിലേക്ക് പോകുന്നതിനുള്ള പാസും ബന്ധുക്കൾ പരസ്പരം കൈമാറി.
പായ് വിരിച്ച് കർത്താവിന്റെ ഫോട്ടോ മുൻപിൽ വച്ചശേഷം മുത്തുരാജ് വേദകനിയെ മോതിരമണിയിച്ചു താലികെട്ടി വധുവിനൊപ്പം അതിർത്തികടന്നു ജീവിതയാത്ര ആരംഭിച്ചു. മേയ് 11ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം ലോക്ക് ഡൗണിനെയും സന്പർക്ക വിലക്കിനെയും തുടർന്ന് മാറ്റിവച്ചിരുന്നു.
മൂന്നാമത് നടന്ന വിവാഹത്തിലെ വരനും സംഘവും ചെന്നൈ സ്വദേശികളായതിനാൽ ആരോഗ്യ പ്രവർത്തകരും എക്സൈസ് സംഘവും കർശന മുൻകരുതലുകൾ സ്വീകരിച്ചു.
തമിഴ്നാട്ടിൽ ഏറ്റവുമധികം കോവിഡ് റിപ്പോർട്ട് ചെയ്തുവരുന്നത് ചെന്നൈയിലായതിനാൽ മറ്റു വിവാഹ സംഘങ്ങളുമായി സന്പർക്കമുണ്ടാകാതിരിക്കാൻ മൂന്നാമതാണ് ഇവരെ അതിർത്തിയിലേക്ക് എത്തിച്ചത്. ആദ്യ രണ്ട് വിവാഹ സംഘത്തെയും മടക്കി അയച്ചശേഷമാണ് ഇവർക്കായി വിവാഹ സജ്ജീകരണങ്ങൾ നടത്തിയത്.
ദേവികുളം ഗ്രാമപഞ്ചായത്തിലെ ഗൂഡാർവിള സ്വദേശികളായ ഗോപാല കൃഷ്ണൻ -സുധ ദന്പതികളുടെ മകൾ കസ്തൂരിയും ചെന്നൈ മീനന്പാക്കം സ്വദേശികളായ അന്തോണി രാജ് – ജോസഫൈൻ ദന്പതികളുടെ മകൻ നിർമൽ രാജും തമ്മിലുള്ള വിവാഹമാണ് നടന്നത്.
ഐടി മേഖലയിൽ ജോലിചെയ്യുന്ന നിർമൽ രാജിന്റെയും സ്വകാര്യ ആശുപത്രിയിലെ നഴ്സായ കസ്തൂരിയുടെയും മേയ് 26ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹമാണ് ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ടു നടത്തിയതെന്നു ബന്ധുക്കൾ പറഞ്ഞു.