തീരുമാനിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും യുവതിയും ബന്ധുക്കളും പിന്മാറാൻ മനഃപൂർവം മോഷണം നടത്തി യുവാവ്. ചൈനയിലെ ഷാംഗ്ഹായിയിലാണ് സംഭവം. ചെൻ എന്നാണ് ഇയാളുടെ പേര്. ഒരു യുവതിയുമായി ചെന്നിന്റെ വിവാഹം നിശ്ചയിച്ചുറപ്പിച്ചിരുന്നു. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം ഈ ബന്ധം തുടരാൻ ഇയാൾക്ക് ഇഷ്ടമില്ലാതായി.
എന്നാൽ ഈ കാര്യം യുവതിയോടും ബന്ധുക്കളോടും തുറന്നുപറയാനുള്ള ധൈര്യം ഇയാൾക്കില്ലായിരുന്നു. പിന്നീടാണ് മോഷണം നടത്തി അവർക്ക് മുന്നിൽ മോശം പ്രതിച്ഛായസൃഷ്ടിക്കാം എന്ന ആശയം ഇദ്ദേഹത്തിന്റെ മനസിൽ തെളിഞ്ഞത്. അപ്രകാരം ചെയ്യുകയാണെങ്കിൽ ഒരു മോഷ്ടാവിനെ വിവാഹം ചെയ്യാൻ യുവതി വിസമ്മതിക്കുമെന്നും ഇവർ വിവാഹത്തിൽ നിന്ന് പിന്മാറുമെന്നും ചെൻ കരുതി.
മോഷണം നടത്തുവാനായി ഇദ്ദേഹം തെരഞ്ഞെടുത്തത് ഹുവാഷെൻ റോഡിലുള്ള ഒരു സ്റ്റുഡിയോ ആണ്. സ്ഥാപനത്തിനുള്ളിൽ കയറിയ ഇദ്ദേഹം ഒരു ബ്ലൂടൂത്ത് സ്പീക്കർ കൈക്കലാക്കി കടന്നുകളഞ്ഞു. നിരവധി സിസിടിവി കാമറകൾ ഇവിടെ ഘടിപ്പിച്ചിരുന്നതിനാൽ പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് ഇയാളെ വീട്ടിലെത്തി പൊക്കി.
പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ ഇദ്ദേഹം നൽകിയ മറുപടി കേട്ട് പോലീസിന്റെ വരെ കണ്ണ് തള്ളിപ്പോയി. തന്റെ വിവാഹമാണെന്നും ഇത് നടക്കാതിരിക്കുവാനാണ് താൻ മോഷണം നടത്തിയതെന്നും താൻ മോഷ്ടാവാണെന്ന് അറിഞ്ഞാൽ പെണ്കുട്ടി വിവാഹത്തിൽ നിന്നും പിന്മാറുമെന്നും ഇദ്ദേഹം പറഞ്ഞു.
ചെൻ നിലവിൽ പോലീസ് കസ്റ്റഡിയിലാണുള്ളത്. എന്നാൽ ഇയാളുടെ ഇയാളുമായി വിവാഹമുറപ്പിച്ച പെണ്കുട്ടി ബന്ധത്തിൽ നിന്നും പിന്മാറിയോ ഇല്ലയോ എന്ന് വ്യക്തമല്ല.