കാസര്‍ഗോഡ്: ക്രമപ്രകാരമുള്ള പാസില്ലാതെ വിവാഹത്തിനെത്തിയ വധു തലപ്പാടിയിലെ സംസ്ഥാന അതിര്‍ത്തിയില്‍ കുടുങ്ങി. പാസ് മുഹൂർത്തം മുടക്കിയതോടെ ഒടുവിൽ താലിക്കെട്ട് നടന്നത് രാത്രിയിൽ.
മംഗളൂരു പുള്ളൂരിലെ കുരുനാഥപ്പ-സാവിത്രി ദന്പതികളുടെ മകൾ വിമലയും ദേലംപാടി പരേതനായ നാരായണ-ശ്രീദേവി ദന്പതികളുടെ മകൻ പുഷ്പരാജും തമ്മിലുള്ള വിവാഹമാണ് മുഹൂർത്തത്തിൽ നടക്കാതെ പോയത്.നാരന്പാടി അന്പലത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു മുഹൂർത്തം.
യുവതി നേരത്തേ എമര്‍ജന്‍സി പാസിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും പാസ് അനുവദിച്ചിരുന്നില്ലെന്നു കാണിച്ചാണ് അധികൃതര്‍ അതിർത്തിയിൽ തടഞ്ഞത്.
ഏറെനേരത്തെ തര്‍ക്കത്തിനൊടുവില്‍ ഹെല്പ് ഡസ്കില്വച്ച് വധുവില്‍നിന്ന് പുതിയ അപേക്ഷ സ്വീകരിച്ചു പാസ് അനുവദിക്കുകയായിരുന്നു.
മെഡിക്കല്‍ എമര്‍ജന്‍സി പാസിന് വേണ്ടിയാണ് യുവതി അപേക്ഷ സമര്‍പ്പിച്ചിരുന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ഇങ്ങനെയുള്ള പാസിന് അപേക്ഷിക്കുമ്പോള്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നിര്‍ബന്ധമാണ്.
ഇവയൊന്നും ഇല്ലാത്തതുകൊണ്ടാണ് അപേക്ഷ നിരസിച്ചത്. ഈ വിവരം അറിയാതെയാണ് ഇന്നലെ രാവിലെ യുവതി ബന്ധുക്കള്‍ക്കൊപ്പം തലപ്പാടിയില്‍ എത്തിയത്.
നിശ്ചിത പാസ് അനുവദിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് യുവതിയെ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
അപേക്ഷ നല്‍കിയതിലെ തെറ്റ് മനസ്സിലാക്കിയ യുവതി പിന്നീട് വീണ്ടും ചെക്ക്പോസ്റ്റിലെ ഹെല്പ് ഡെസ്കില്‍ നിന്നുകൊണ്ട് പാസിന് അപേക്ഷിക്കുകയും ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ അംഗീകാരത്തോടെ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്തതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.